കൊല്ലം: സി.എസ്‌.ഐ കൊല്ലം-കൊട്ടാരക്കര മഹായിടവകയുടെ രണ്ടാമത്തെ ബിഷപ്പായി റവ. ജോസ് ജോർജ് അഭിഷിക്തനായി. സഭയുടെ തദ്ദേശീയനായ ആദ്യ ബിഷപ്പാണ്. കൊല്ലം കത്തീഡ്രൽ പള്ളിയിലായിരുന്നു സ്ഥാനാരോഹണം. സഭ മോഡറേറ്റർ ഡോ. കെ.രൂബേൻ മാർക്ക് കൈവയ്പ് ശുശ്രൂഷ നടത്തി. കത്തീഡ്രൽ അങ്കണത്തിൽ നടന്ന പൊതുസമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ദൈവവചനപ്രഘോഷണത്തിലൂടെയും പ്രാർത്ഥനയിലൂടെയും പ്രവൃത്തിയിലൂടെയും സഭയെ സ്‌നേഹിക്കുന്ന ബിഷപ്പാണ് റവ. ജോസ് ജോർജെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസത്തിലും ശുശ്രൂഷയിലും ദൈവത്തിനും ദൈവജനത്തിനും വേണ്ടി പ്രവർത്തിക്കാൻ ബിഷപ്പിന് സാധിക്കട്ടേയെന്നും അദ്ദേഹം ആശംസിച്ചു. സി.എസ്‌.ഐ ബിഷപ്പ് കൗൺസിൽ സെക്രട്ടറി റവ. തിമോത്തി രവീന്ദ്രർ അദ്ധ്യക്ഷനായി.
മന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ജോസഫ് മാർ ദിവന്നാസിയോസ്, ഡോ. സ്റ്റാൻലി റോമൻ, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ്പ് ഡോ.സെൽവദാസ് പ്രമോദ്, ജി.ഡി.പി.എസ് സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, മൂവാറ്റുപുഴ അഷ്റഫ് മൗലവി, എം.എൽ.എമാരായ എം.നൗഷാദ്, പി.എസ്.സുപാൽ, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.