കുന്നത്തൂർ: കേരളത്തിലെ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ തുറന്നുപറയുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ ശക്തമായി ചെറുക്കുമെന്ന് കുന്നത്തൂർ യൂണിയൻ കൗൺസിൽ വ്യക്തമാക്കി.
ഈഴവ സമുദായം നിരന്തരം അവഗണിക്കപ്പെടുകയും സാമൂഹ്യനീതി നിഷേധിക്കപ്പെടുകയും ചെയ്യുന്നതിനെയാണ് യോഗം ജനറൽ സെക്രട്ടറി ചോദ്യം ചെയ്യുന്നത്. ഇത് അദ്ദേഹത്തിന്റെ കടമയാണ്. അതിനെ വികലമായി ചിത്രീകരിക്കുന്നവർ എല്ലാത്തിലും വർഗീയത കാണുന്നവരാണ്. മതേതരത്വത്തെ കുറിച്ച് വാചാലരാകുന്ന പല നേതാക്കളും മന്ത്രിമാരായപ്പോൾ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തം സമുദായത്തിന് ക്രമംവിട്ട് അനുവദിച്ച് തനിനിറം കാട്ടിയത് കേരളം കണ്ടതാണ്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സമുദായത്തിന്റെ അവശതകളും, സാമൂഹ്യനീതി നിഷേധവും, സംവരണ അട്ടിമറി ശ്രമങ്ങളും ശക്തമായ ഭാഷയിൽ സമൂഹമധ്യത്തിൽ കൊണ്ടുവന്ന വെള്ളാപ്പള്ളിയുടെ നിലപാടുകൾ ചരിത്രത്തിന്റെ ഭാഗമാണ്. ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം നടത്തുന്ന സന്ധിയില്ലാത്ത പോരാട്ടമാണ് കേരളത്തിലെ എല്ലാ യൂണിയനുകളും ശാഖകളും അദ്ദേഹത്തിന്റെ നേതൃത്വത്തിന് പിന്നിൽ അടിയുറച്ച് നിൽക്കുന്നതിന്റെ കാരണം. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിൽ എത്തിക്കാനുള്ള എസ്.എൻ.ഡി.പി യോഗത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും യൂണിയന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും ഭാരവാഹികൾ പറഞ്ഞു. സമുദായത്തിന്റെ ജനസംഖ്യാനുപാതികമായ അവകാശങ്ങൾക്കും നീതിനിഷേധത്തിനെതിരെയും പോരാടാനുള്ള ഊർജ്ജം നൽകുന്നത് ജനറൽ സെക്രട്ടറിയുടെ നിലപാടുകളാണ്. നട്ടെല്ല് നിവർത്തി അഭിപ്രായം പറയുന്ന വെള്ളാപ്പള്ളി നടേശൻ ഈഴവ സമൂഹത്തിന് അഭിമാനമാണെന്നും യൂണിയൻ സെക്രട്ടറി വ്യക്തമാക്കി. യൂണിയൻ പ്രസിഡന്റ് ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റാം മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ കൗൺസിൽ അംഗങ്ങൾ പങ്കെടുത്തു.