കൊല്ലം: പുറങ്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസ 3യിൽ നിന്ന് ഇന്ധനം വീണ്ടെടുക്കാനുള്ള ദൗത്യവുമായി സിംഗപ്പൂർ യാനമായ സതേൺ നോവ കൊല്ലം പോർട്ടിലെത്തി. ഇന്ധനം വീണ്ടെടുക്കാനുള്ള വിദഗ്ദ്ധ സംഘവുമായി സതേൺ നോവ ശനിയാഴ്ച രാവിലെ കപ്പൽ മുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് പോകും.
ഒരാഴ്ചയായി സതേൺ നോവ കപ്പൽ മുങ്ങിക്കിക്കുന്ന ഭാഗത്ത് നങ്കൂരമിട്ട് കിടക്കുകയായിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയ സാൽവേജ് ഓപ്പറേഷൻ സംഘത്തെ കൊല്ലം പോർട്ടിൽ നിന്ന് ടഗ്ഗിൽ യാനത്തിൽ എത്തിക്കാനായിരുന്നു പദ്ധതി. രണ്ട് തവണ സതേൺ നോവയ്ക്ക് അടുത്തേക്ക് സാൽവേജ് ഓപ്പറേഷൻ സംഘം പോയെങ്കിൽ കടൽ പ്രക്ഷുബ്ധമായതിനാൽ കയറാൻ കഴിഞ്ഞില്ല. ഇതോടെ ദൗത്യം വൈകാതിരിക്കാൻ ഇന്നലെ സതേൺ നോവ കൊല്ലം പോർട്ടിലേക്ക് എത്തുകയായിരുന്നു.
ആസൂത്രണം ആരംഭിച്ചു
സതേൺ നോവയിൽ സാൽവേജ് ഓപ്പറേഷനിൽ അടക്കം വൈദഗ്ദ്ധ്യമുള്ള 41 ക്രൂവുണ്ട്. കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ 65 സാൽവേജ് ഓപ്പറേഷൻ വിദഗ്ദ്ധരും ഇന്നലെ കൊല്ലം പോർട്ടിൽ നിന്ന് സതേൺ നോവയിൽ കയറി. ആദ്യം നൂതന ഉപകരണങ്ങൾ ഉപയോഗിച്ച് മുങ്ങിക്കിടക്കുന്ന കപ്പൽ നിരീക്ഷിക്കും. തുടർന്ന് മുങ്ങൽ വിദഗ്ദ്ധർ കപ്പലിന്റെ ഇന്ധന ടാങ്കിൽ പൈപ്പ് ഘടിപ്പിക്കും. ടാങ്കുകളിൽ ശേഖരിക്കുന്ന ഇന്ധനം ബാർജിൽ കൊല്ലം പോർട്ടിലെത്തിക്കും. തുടർന്ന് കണ്ടെയ്നറുകൾ വീണ്ടെടുക്കാനുള്ള പദ്ധതിയിലേക്ക് നീങ്ങും. മുംബയ് ആസ്ഥാനമായ മെർക്ക് എന്ന സാൽവേജ് ഓപ്പറേഷൻ കമ്പനിയുടെ നേതൃത്വത്തിലാണ് ദൗത്യം. സത്യം ഷിപ്പിംഗ്സ് ആൻഡ് ലോജിസ്റ്റിക്സാണ് കൊല്ലം പോർട്ടിലെ ഏജന്റ്. മുങ്ങൽ വിദഗ്ദ്ധർക്കുള്ള ഓക്സിജൻ സിലിണ്ടറുകൾ, ഭക്ഷണം, കുടിവെള്ളം അടക്കമുള്ളവയും യാനത്തിൽ നിറച്ചു. എം.എസ്.സിയുടെ പ്രതിനിധികളും കൊല്ലത്തുണ്ട്.
അത്യാധുനിക യാനം
സാച്ചുറേഷൻ ഡൈവിംഗ് യാനം
റിമോട്ട്ലി ഓപ്പറേറ്റഡ് വെസൽ
അത്യാധുനിക സൗകര്യങ്ങൾ
ആഴക്കടൽ ദൗത്യങ്ങൾക്ക് നിർമ്മിച്ചത്
പൈപ്പ് ലൈൻ സ്ഥാപിക്കൽ, നീക്കൽ
റിംഗുകളുടെ നിർമ്മാണം, പൊളിക്കൽ
കൊല്ലം പോർട്ട് ഓഫീസർ ക്യാപ്ടൻ അശ്വനി പ്രതാപ്, എമിഗ്രേഷൻ, കസ്റ്റംസ് ഉദ്യോഗസ്ഥർ എണ്ണ വീണ്ടെടുക്കൽ ദൗത്യത്തിന് വലിയ പിന്തുണയാണ് നൽകുന്നത്.
അജിത് പ്രസാദ്, സത്യം ഷിപ്പിംഗ്സ് ആൻഡ് ലോജിസ്റ്റിക്സ്