പുനലൂർ: മൂന്നേകാൽ കിലോയോളം കഞ്ചാവുമായി മൂന്ന് യുവാക്കളെ പുനലൂർ പൊലീസ് ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. ആയൂർ നിറയിക്കോട് അനന്തു ഭവനിൽ എസ്. അഖിൽ (22), എലിക്കോട് ആലഞ്ചേരി പുത്തൻവീട്ടിൽ സുജൻസാം(22), ഇളമ്പൽ കോട്ടവട്ടം മാടപ്പാറ പുത്തൻ വീട്ടിൽ ഡി. ജോയൽ (21)എന്നിവരാണ് പിടിയിലായത്.

ഇന്നലെ വൈകിട്ട് പുനലൂർ പട്ടണത്തിലെ എം.എൽ.എ റോഡിലൂടെ വാഹനത്തിൽ കടത്തവേ ഇവർ കഞ്ചാവുമായി പിടിയിലായത് ബംഗ്ലൂരിൽ നിന്ന് എത്തിച്ചതാണ് കഞ്ചാവ്. ഇവർ ചെമ്മന്തൂർ പ്രൈവറ്റ് സ്റ്റാൻഡിൽ വന്ന ശേഷം അവിടെ നിന്നും വാഹനത്തിൽ ബാഗിനുള്ളിൽ രണ്ടു കെട്ടുകളായി സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്നും ഡാൻസാഫ് ടീം കാൽനടയായി പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ കീഴടക്കിയത്. റൂറൽ എസ്.പി ടി.കെ.വിഷ്ണു പ്രദീപിനും റൂറൽ ഡാൻസാഫ് ഡി.വൈ.എസ്.പി ടി.ആർ.ജിജോക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുനലൂർ ഡാൻസാഫ് ടീം എസ്.ഐ ബാലാജി എസ്.കുമാറിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.

പുനലൂർ എസ്.എച്ച്.ഒ ടി.രാജേഷ് കുമാർ, എസ്.ഐമാരായ എം.എസ്. അനീഷ് പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ മറ്റ് നടപടികൾ സ്വീകരിച്ചു.