എഴുകോൺ: ഹോട്ടലിൽ കാഷ് കൗണ്ടറിലെ മേശയിൽ സൂക്ഷിച്ചിരുന്ന 50000 രൂപ കവർന്ന് സപ്ലയർ സ്ഥലം വിട്ടതായി പരാതി.
നെടുമൺകാവ് കല്യാണി റെസ്റ്റോറന്റിൽ ബുധനാഴ്ച രാവിലെ 11നാണ് സംഭവം. പകൽക്കുറി സ്വദേശി ഗിരീഷനെതിരെ ഹോട്ടൽ ഉടമ ഷൈജ എഴുകോൺ പൊലീസിൽ പരാതി നൽകി.
ഷൈജയ്ക്ക് ചിട്ടി ലഭിച്ച തുകയാണ് നഷ്ടപ്പെട്ടത്. ഷൈജ കൗണ്ടറിൽ നിന്ന് അടുക്കളയിലേക്ക് പോയ തക്കത്തിൽ ഗിരീഷ് പണമെടുത്ത് കടന്നുകളയുകയുയിരുന്നു. മോഷണ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൊല്ലം ചിന്നക്കടയിലുള്ള ഏജന്റ് മുഖേന തിങ്കളാഴ്ചയാണ് ഗിരീഷ് ഇവിടെ ജോലിക്ക് എത്തിയത്. ആധാർ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ ആവശ്യപ്പെട്ടെങ്കിലും ബുധനാഴ്ച രേഖകൾ എത്തിക്കുമെന്ന ഉറപ്പിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.