പുനലൂർ: തിരുവനന്തപുരം- ചെങ്കോട്ട റോഡിൽ തെന്മല ഒന്നാം വളവിലെ സംരക്ഷണ ഭിത്തി നിർമ്മാണം പൂർത്തിയായി. ഇതുവഴി വാഹനങ്ങൾ കടന്നുപോയിത്തുടങ്ങി. നിരന്തരം വാഹനാപകടങ്ങൾ ഉണ്ടാകുന്ന ഭാഗമാണ് ഒന്നാം വളവ്. തെന്മലയിൽനിന്ന് വരുമ്പോൾ കൊടുവളവും ഇറക്കവും ഇറങ്ങിവരുന്ന ഭാഗത്ത് വാഹനങ്ങൾ നിയന്ത്രണംവിട്ട് വനത്തിലേക്ക് മറിയുന്നത് പതിവായിരുന്നു. ചരക്ക് വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെട്ടിരുന്നത്. വളവ് പൂർണമായും സംരക്ഷിക്കുന്ന തരത്തിലാണ് പൊതുമരാമത്ത് വകുപ്പ് കോൺക്രീറ്റ് ഭിത്തി നിർമ്മിച്ചത്.
ഇനിയുമുണ്ട് അപകടഭീഷണി
സമാന്തരമായി ദേശീയപാത കടന്നുപോകുന്നുണ്ടെങ്കിലും ദൂരക്കൂടുതൽ കാരണം മിക്ക വാഹനങ്ങളും ഡാം റോഡാണ് ആശ്രയിക്കുന്നത്. എന്നാൽ, സംരക്ഷണ ഭിത്തി നിർമിച്ചെങ്കിലും ഈ റോഡിൽ ഇനിയും പലയിടത്തും അപകടഭീഷണിയുണ്ട്. മറ്റ് വളവുകളിലും കാര്യമായ സുരക്ഷാ സംവിധാനങ്ങളില്ല. കൂടാതെ രാത്രിയിൽ വെളിച്ചക്കുറവും ഭീഷണിയാകുന്നുണ്ട്. .