പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ തെന്മല നാൽപതാംമൈലിൽ ലോറികൾ കൂട്ടിയിടിച്ച് തമിഴ്നാട് സ്വദേശികളായ ഡ്രൈവർമാർക്ക് ഗുരുതരമായി പരിക്കേറ്റു. ദിണ്ഡിക്കൽ സ്വദേശി എം.സുഹ്മമണി (45), തിരുവള്ളൂർ സ്വദേശി എസ്.ബാലമുരുകൻ (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
തിരുനെൽവേലിയിൽ നിന്ന് പെപ്സിയുമായി കൊച്ചിയിലേക്ക് പോയ ലോറിയും കൊച്ചി എഫ്.എ.സി.ടിയിൽ സൾഫ്യൂരിക് ആസിഡ് ഇറക്കിയ ശേഷം തൂത്തുക്കുടി തുറുമുഖത്തേക്ക് പോയ ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറിയുടെ കാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവർമാരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി പുനലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുനലൂർ ഫയർഫോഴ്സ് ലോറികൾ മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കൊടുംവളവും ലോറികളുടെ അമിത വേഗവുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു.