കൊല്ലം: സ്വകാര്യ ബസുകളുടെ പെർമിറ്റ് പരി​ഗണി​ക്കാതെ പൊലീസ് കൊണ്ടുവന്ന ഗതാഗത പരിഷ്കാരം കൊല്ലം റെയി​ൽവേ സ്റ്റേഷനി​ലെത്തുന്ന യാത്രി​കരെ വലയ്ക്കുന്നു. കുണ്ടറ ഭാഗത്തേക്ക് പോകേണ്ടവർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചിന്നക്കട റൗണ്ട് ചുറ്റി എക്സൈസ് ഓഫീസിന്റെ മുൻ ഭാഗം വരെ അര കി​ലോമീറ്ററോളം നടക്കേണ്ട അവസ്ഥയാണ്. സ്വകാര്യബസുകൾ ഒരു കിലോമീറ്ററോളം അധികം ഓടേണ്ടിയും വരുന്നു.

ചിന്നക്കട റൗണ്ട് ചുറ്റി ശങ്കേഴ്സ് ആശുപത്രി വഴിയാണ് കുണ്ടറ ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളുടെ യഥാർത്ഥ പെർമിറ്റ്. റൗണ്ടിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനെന്ന പേരിലാണ് തിരക്കേറിയ സമയങ്ങളിൽ ആശ്രാമം, കടപ്പാക്കട വഴി വർഷങ്ങൾ മുൻപ് ബസുകൾ തിരിച്ചുവിട്ടു തുടങ്ങിയത്. രാവിലെ ഏഴ് വരെയും രാത്രി ഏഴിനു ശേഷവും മാത്രമാണ് കുണ്ടറയിലേക്കുള്ള ബസുകൾ ഉപാസന വഴി പോകുന്നത്.

സ്വകാര്യ ബസുകൾ പെർമിറ്റ് പ്രകാരം തന്നെ സഞ്ചരിച്ചാൽ ട്രെയിനിൽ എത്തുന്ന, കുണ്ടറയിലേക്കുള്ള യാത്രക്കാർക്ക് രണ്ടാം പ്രവേശന കവാടത്തിന് മുന്നിൽ നിന്നു കയറാം. ചവറ ഭാഗത്തു നിന്ന് ഇളമ്പള്ളൂർ ബസുകളിൽ വരുന്ന യാത്രക്കാർ എക്സൈസ് ഓഫീസിന് മുന്നിലിറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് നടക്കേണ്ട അവസ്ഥയുമുണ്ട്.

 മരണപ്പാച്ചിൽ

അധികമായി ഒരു കിലോമീറ്റർ ഓടേണ്ടി വരുന്നത് കാരണമുള്ള സമയ നഷ്ടം ഒഴിവാക്കാൻ ആശ്രാമത്ത് നിന്ന് കുറവൻ പാലം വഴി അമിതവേഗത്തിലാണ് സ്വകാര്യ ബസുകൾ ശങ്കേഴ്സ് ജംഗ്ഷനിലേക്ക് വരുന്നത്. അതുകൊണ്ട് ഭീതിയോടെയാണ് കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും ഇതുവഴി സഞ്ചരിക്കുന്നത്.

 ബസ് ബേ വേണം

കൊല്ലം റെയിൽവേ സ്റ്റേഷന്റെ എയർപോർട്ട് മോഡൽ വികസനം പൂർത്തിയാകുന്നതോടെ രണ്ടാം പ്രവേശന കവാടം വഴി സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണം ഉയരും. ഇവർക്കായി കവാടത്തിന് മുന്നിൽ ബസ് ബേ സ്ഥാപിക്കണമെന്നാണ് ആവശ്യം.