കൊല്ലം: പനവേലിയിലെ അപകടത്തിന് തൊട്ടുമുമ്പ് മറ്റൊരു ബസ് വന്നുപോയതിനാലാണ് വലിയ ദുരന്തമൊഴിവായത്. മിനിട്ടുകൾക്ക് മുമ്പ് വന്ന സിറ്റി ബസിൽ സ്കൂൾ വിദ്യാർത്ഥികളടക്കം ഇരുപതിൽപ്പരം യാത്രക്കാർ ജംഗ്ഷനിൽ നിന്ന് കയറിപ്പോയി. ഈ ബസ് കണ്ണിൽ നിന്ന് മറയും മുമ്പേ എത്തിയവർ മാത്രമാണ് ജംഗ്ഷനിൽ ഉണ്ടായിരുന്നത്.

കൊട്ടാരക്കര ഭാഗത്തേക്ക് ബസ് കയറാനായി രാവിലെ ആറര മുതൽ ജംഗ്ഷനിൽ കൂടുതൽ ആളുകളുണ്ടാകാറുണ്ട്. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളുമാണ് ഭൂരിഭാഗവും. പതിവ് യാത്രക്കാരായതുകൊണ്ടുതന്നെ ഇവരെല്ലാം തമ്മിൽ നല്ല സൗഹൃദവുമായിരുന്നു. ഒരു ബസ് പോയതിന്റെ പിന്നാലെ അടുത്ത ഫാസ്റ്റ് പാസഞ്ചർ ജംഗ്ഷനിലേക്ക് അടുത്ത് വരികയായിരുന്നു. ദൂരെ നിന്ന് ബസ് കണ്ടതോടെ യാത്രക്കാർ കൈ കാണിച്ചതിന്റെ ഇടയിലാണ് ബസിനെ മറികടന്ന് മിനി ലോറി പാഞ്ഞടുത്തതും ജീവനെടുത്തതും.

പ്രശ്നങ്ങൾ പരിശോധിക്കും

പനവേലിയിൽ അപകടമുണ്ടായ സ്ഥലത്ത് റൂറൽ എസ്.പി ടി.കെ.വിഷ്ണുപ്രദീപ് സന്ദർശിച്ചു. അപകട സാഹചര്യം ബോദ്ധ്യപ്പെട്ടു. എം.സി റോഡിലെ സ്ഥിരം അപകട സാദ്ധ്യതാ മേഖലകളെപ്പറ്റി പരിശോധിക്കുമെന്നും പരിഹാരം കൈക്കൊള്ളുമെന്നും എസ്.പി അറിയിച്ചു.

മന്ത്രി സന്ദർശിച്ചു

അപകടത്തിൽ മരിച്ച ശ്രീക്കുട്ടിയുടെയും സോണിയയുടെയും വീടുകളിൽ മന്ത്രി കെ.ബി.ഗണേശ് കുമാർ സന്ദർശിച്ചു. ബന്ധുക്കളെ ആശ്വസിപ്പിച്ചു. വേണ്ടുന്ന സഹായങ്ങൾ ഉറപ്പ് നൽകി.