xx
xx

കൊട്ടാരക്കര : എം.സി റോഡിൽ അപകടങ്ങളൊഴിയുന്നില്ല, വാളകത്തിനും ഏനാത്തിനുമിടയിൽ നിരന്തം അപകടങ്ങളുണ്ടായിട്ടും പരിഹാര സംവിധാനങ്ങളില്ല. നിരത്തിൽ നിരവധി ജീവനുകളാണ് നഷ്ടപ്പെടുന്നത്, പരിക്കുകളുമായി ആശുപത്രിയിലും വീടുകളിലും കഴിയുന്നവരും ഏറെയാണ്. നേരത്തെ നാറ്റ് പാക് സംഘമെത്തി പഠനം നടത്തി റിപ്പോ‌ർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു.

അധികൃതർ ജാഗ്രത കാട്ടുന്നില്ല

കുളക്കടയിൽ കുറച്ചേറെ സുരക്ഷാ സംവിധാനങ്ങളൊരുക്കിയെങ്കിലും അവിടെയും അപകടങ്ങൾക്ക് കുറവില്ല. വാഹനങ്ങളുടെ വേഗത കുറയ്ക്കാനുള്ള സംവിധാനങ്ങൾ എങ്ങും ഏർപ്പെടുത്തിയിട്ടില്ല. കാമറകൾ ഉള്ള ഭാഗം ഒട്ടുമിക്ക ഡ്രൈവർമാർക്കും അറിയാം. മറ്റിടങ്ങളിലൊക്കെ പരമാവധി വേഗതയിലാണ് വാഹനങ്ങൾ പായുന്നത്. അതുകൊണ്ടുതന്നെ മിക്ക ദിവസങ്ങളിലും അപകടങ്ങളുണ്ട്. കൊട്ടാരക്കര മൈലത്തും ഇഞ്ചക്കാട്ടും തൊട്ടടുത്ത ദിവസങ്ങളിൽ വാഹനങ്ങൾ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. വൈദ്യുതി പോസ്റ്റ് തകർത്തുകൊണ്ട് മറിഞ്ഞ കാർ ഓടിച്ചിരുന്ന പുത്തൂർ സ്വദേശി യുവാവ് മരണപ്പെടുകയും ചെയ്തു. നാൾക്കുനാൾ അപകടങ്ങൾ ഉണ്ടാകുമ്പോഴും അധികൃതർ വേണ്ടത്ര ജാഗ്രത കാട്ടുന്നില്ല. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ മേൽപ്പാലം നിർമ്മിക്കാൻ പദ്ധതിയിട്ടത് ഉപേക്ഷിച്ചമട്ടാണ്. ബൈപ്പാസ് നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയതും തുടർ നടപടികളില്ല.

തെരുവ് വിളക്കുകൾ പ്രകാശിക്കുന്നില്ല.

എം.സി റോഡിന്റെ പല ഭാഗത്തും തെരുവ് വിളക്കുകൾ പ്രകാശിക്കുന്നില്ല. രാത്രികാല വെളിച്ചക്കുറവ് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. റോഡിന്റെ വശങ്ങൾ വ്യക്തമായി മനസിലാക്കാൻ റിഫ്ളക്ടിംഗ് സൂചകങ്ങൾ, ബ്ളിങ്കിംഗ് ലൈറ്റ് എന്നിവ പൂർണമായും സ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല. ഇന്നലെ പനവേലിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് ജീവനുകൾ പൊലിഞ്ഞതോടെ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത വീണ്ടും ഓർമ്മിക്കപെടുകയാണ്.