al
തകരാനിടമില്ലാതെ കല്ലുംമൂട് ശാസ്താംകാവ് റോഡ്

പുത്തൂർ: കല്ലുംമൂട് - ശാസ്താംകാവ് റോഡ് തകർന്നിട്ട് നാളെറായി. തേവലപുറം -കരുവായം വാർഡുകളിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ റോഡിലൂടെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്.

നവീകരിച്ചിട്ട് പത്ത് വർഷത്തിലേറെ

നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ മൂന്ന് കിലോമീറ്റർ റോഡ് വർഷങ്ങളായി കുണ്ടും കുഴിയും ചെളിയുമായി കിടക്കുകയാണ്. കല്ലുംമൂട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് സ്റ്റേഡിയം ജംഗ്ഷനിലെത്തുമ്പോൾ കുഴികൾ വലിയ ഗർത്തങ്ങളായി മാറുന്നതാണ് അവസ്ഥ. പുത്തൂർ ടൗണിൽ ഗതാഗതക്കുരുക്ക് ഉണ്ടായാൽ ബദൽ പാതയായി ഉപയോഗിക്കാൻ കഴിയുന്ന പ്രധാനപ്പെട്ട ഒരു റോഡാണിത്. റോഡിന്റെ പൂർണ്ണമായ നവീകരണം നടന്നിട്ട് ഏകദേശം പത്ത് വർഷത്തിലേറെയായെന്നാണ് നാട്ടുകാർ പറയുന്നത്.

പ്രഖ്യാപനങ്ങൾ കടലാസിൽ

റോഡിന്റെ നവീകരണത്തിനായി പലതവണ പണം അനുവദിച്ചതായി പ്രഖ്യാപനങ്ങളുണ്ടായിരുന്നെങ്കിലും അതൊന്നും പ്രാവർത്തികമായില്ല. ഇത്തവണയും മന്ത്രി കെ.എൻ. ബാലഗോപാൽ 40 ലക്ഷം രൂപ അനുവദിച്ചതായി പറയപ്പെടുന്നു. എന്നാൽ, നല്ല വീതിയുള്ള ഈ റോഡ് പൂർണ്ണമായും നവീകരിക്കാൻ ഈ തുക പര്യാപ്തമല്ലെന്നാണ് പ്രാദേശിക ജനപ്രതിനിധികളും പൊതുപ്രവർത്തകരും പറയുന്നത്.

കല്ലുംമൂട് - ശാസ്താംകാവ് റോഡ്

ദൂരം: 3 കിലോമീറ്റർ

നവീകരണം നടന്നിട്ട് : ഏകദേശം 10 വർഷത്തിലധികം

ഇത്തവണ അനുവദിച്ച തുക: 40 ലക്ഷം രൂപ