കൊല്ലം: ഒ.മാധവൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. ചലച്ചിത്ര നടൻ ദേവൻ ശ്രീനിവാസൻ ചെയർമാനും ചലച്ചിത്ര- നാടക പ്രവർത്തകരായ സജിത മഠത്തിൽ, ഇ.എ.രാജേന്ദ്രൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സൂര്യ കൃഷ്ണമൂർത്തി (നാടക രചന, സംവിധാനം), കെ.പി.എ.സി ലീല (മികച്ച നടി) എന്നിവർക്കാണ് പുരസ്കാരം. 19ന് ഒ.മാധവൻ ദിനത്തിൽ വൈകിട്ട് 5.30ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര നടി ഉർവശി പുരസ്കാരം സമർപ്പിക്കും. കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം 'ശാകുന്തള'ത്തിന്റെ ആദ്യ പ്രദർശനത്തിന് മന്ത്രി കെ.എൻ.ബാലഗോപാൽ തിരിതെളിക്കും. വിവിധ മേഖലകളിലെ പ്രതിഭകൾ പങ്കെടുക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ കെ.വരദരാജൻ, ജനറൽ സെക്രട്ടറി എം.മുകേഷ് എം.എൽ.എ, സന്ധ്യ രാജേന്ദ്രൻ എന്നിവർ അറിയിച്ചു.