ഓയൂർ: ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ നൂറാം വാർഷികം ശ്രീനാരായണ വിശ്വവേദി ഗുരു വീക്ഷണം മാസികയുടെ നേതൃത്വത്തിൽ വേളമാനൂർ ഗാന്ധിഭവനിൽ വെച്ച് ആഘോഷിച്ചു. ശിവഗിരി വനജാക്ഷി മണ്ഡപത്തിൽ നടന്ന പരിപാടിയുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമിട്ടു. വേളമാനൂരിൽ നടന്ന സാംസ്കാരിക സമ്മേളനത്തിന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എൻ. മഹേശ്വരൻ അദ്ധ്യക്ഷനായി. ഗുരു വീക്ഷണം മാസിക കോർഡിനേറ്റർ ബാലരാമപുരം ഷിബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗുരു വീക്ഷണം മാസിക എഡിറ്റർ ശിവ ബാബു മുഖ്യ പ്രഭാഷണം നടത്തി. സുഗത്, ഷാജി കുമാർ, ഓയൂർ സുരേഷ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. കവിയും എഴുത്തുകാരനുമായ എം.വാസുദേവൻ, ജീവകാരുണ്യ പ്രവർത്തകൻ പി.എം. രാധാകൃഷ്ണൻ, ജി.ഡി.പി.എസ് കേന്ദ്ര സമിതി മാതൃസഭാ സെക്രട്ടറി ശ്രീജ എന്നിവരെയാണ് ആദരിച്ചത്. ജയചന്ദ്രൻ മഞ്ചാടി നന്ദി പറഞ്ഞു.