കോടതി പരിസരത്ത് വിചാരണയ്‌ക്കെത്തിയ കൊലക്കേസ് പ്രതികളുടെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ എട്ടുപേർ പൊലീസ് പിടിയിലായി. കരുനാഗപ്പള്ളി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഓച്ചിറ അമ്പലശ്ശേരി സ്വദേശി അമ്പാടി (24), മരുതൂർക്കുളങ്ങര തെക്ക് റോഷൻ (38), ഓച്ചിറ സ്വദേശികളായ അനന്തകൃഷ്ണൻ (24), അജിത്ത് (28), മഠത്തിൽ കാരായ്മയിലെ ഹരികൃഷ്ണൻ (26), ഡിപിൻ (26), മണപ്പള്ളി സ്വദേശി മനോഷ് (36), വള്ളികുന്നത്ത് അഖിൽ (26) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 28ന് കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണക്കെത്തിച്ച ജിം സന്തോഷ് കൊലക്കേസിലെ പ്രതികളായ അലുവ അതുൽ, മനു എന്നിവരുടെ ദൃശ്യങ്ങളാണ് ഇവർ പകർത്തിയത്. ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായി ദൃശ്യങ്ങൾ പകർത്തിയ ഇവർ, പ്രതികൾക്ക് നിരോധിത ഉത്പന്നങ്ങൾ കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.
ഈ ദൃശ്യങ്ങൾ റീൽസായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച് സമൂഹത്തിന് തെറ്റായ സന്ദേശം നൽകി എന്ന മജിസ്ട്രേറ്റ് കോടതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് പ്രതികളെ പിടികൂടിയത്. കരുനാഗപ്പള്ളി എ.എസ്.പി. അഞ്ജലി ഭാവനയുടെ നിർദേശപ്രകാരം ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.