കൊല്ലം: നഗരത്തിലെ ഒട്ടുമിക്ക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെയും അറ്റകുറ്റപ്പണി നടത്തിയെങ്കിലും പുതിയകാവ് ക്ഷേത്രത്തിനു മുന്നിലെ ഷെൽട്ടർ നന്നാക്കാൻ നടപടിയില്ല. കാലപ്പഴക്കം കാരണം മേൽക്കൂര പൂ‌ർണമായും തകർന്നു. തൂണുകൾ ഒരുവശത്തേക്ക് ചരിഞ്ഞുനിൽക്കുന്ന നിലയിലാണ്. മേൽക്കൂരയയിലെ കമ്പികൾ ഏതു നിമിഷവും തകർന്ന് വീഴാം എന്ന അവസ്ഥയിലാണ്.

മഴക്കാലത്ത് ചോർന്നൊലിക്കുന്ന ഇവിടെ വെയിലുള്ളപ്പോൾ അസഹനീയമായ സാഹചര്യമാണ്. കെ.എസ്.ആർ.ടി.സി ഓർ‌ഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് , സ്വകാര്യ ബസുകൾ എന്നിവയ്ക്ക് ഇവിടെ സ്റ്റോപ്പുണ്ട്. ചിന്നക്കട, ചവറ, കരുനാഗപ്പള്ളി തുടങ്ങി എറണാകുളം ഭാഗത്തേക്ക് പോകാൻ റെയിൽവേസ്റ്റേഷനിൽ നിന്ന് എത്തുന്നവർ ഉൾപ്പെടെ നൂറുക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണിത്.

നിലം പതിച്ചേക്കും

ഇരിപ്പിടം ഇല്ലാത്തതിനാൽ, കാൽ കുഴയുന്നവർ തൂണി​​ൽ ചാരി​ നി​ൽക്കണം. ബസിനായി ചില സമയങ്ങളിൽ മണിക്കൂറോളം നി​ൽക്കേണ്ടി വരും. പ്രായം ചെന്നവരും ഭിന്നശേഷിക്കാരും കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. അപകട ഭീഷണി നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

ഈ കാത്തിരിപ്പ് കേന്ദ്രത്തിന്റെ പുനർ നിർമ്മാണത്തിന് ടെണ്ടർ നൽകി. ഉടൻ തന്നെ ജോലികൾ ആരംഭിക്കും

ഹണി ബഞ്ചമിൻ, മേയർ