കൊല്ലം: ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ കാത്ത് ലാബ് തുടങ്ങാൻ ആശുപത്രി അധികൃതർ ഇ.എസ്.ഐ കോർപ്പറേഷൻ അധികൃതർക്ക് ശുപാർശ നൽകി. ഇ.എസ്.ഐ കോർപ്പറേഷൻ സ്വന്തമായി കാത്ത് ലാബ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ശുപാർശയിൽ നടപടികളുണ്ടാകാഞ്ഞതോടെയാണ് പുതിയ ആവശ്യം മുന്നോട്ടുവച്ചത്.
കാത്ത് ലാബിന്റെ പ്രവർത്തിന് ആവശ്യമായ ഉപകരണങ്ങൾ, ഡോക്ടർമാർ തുടങ്ങിയവയെല്ലാം സ്വകാര്യ ഏജൻസി വഹിക്കണം. പ്രവർത്തിക്കാനാവശ്യമായ സ്ഥലവും നിശ്ചിത നിരക്കിലുള്ള ചെലവും ഇ.എസ്.ഐ കോർപ്പറേഷൻ നൽകുന്ന തരത്തിലായിരിക്കും പ്രവർത്തനം. നേരത്തെ 12 വർഷത്തോളം ഇവിടെ പി.പി.പി വ്യവസ്ഥയിൽ കാത്ത് ലാബ് പ്രവർത്തിച്ചിരുന്നു.
എന്നാൽ കാത്ത് ലാബിന്റെ അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിൽ നിന്നുള്ള ലൈസൻസ് ആശ്രാമം ആശുപത്രിയുടെ പേരിലായിരുന്നില്ല. ലൈസൻസ് ആശുപത്രിയുടെ പേരിലാക്കണമെന്ന നിർദ്ദേശം കരാറുകാർ പാലിക്കാഞ്ഞതോടെ കഴിഞ്ഞ വർഷം ജൂണിൽ കാത്ത് ലാബ് പ്രവർത്തിപ്പിക്കാനുള്ള കരാർ റദ്ദാക്കുകയായിരുന്നു.
24 മണിക്കൂറും ഹൃദ്രോഗ ചികിത്സ
കുറഞ്ഞത് അഞ്ച് കാർഡിയോളജിസ്റ്റുകൾ
ഇ.എസ്.ഐ പരിധിയിലുള്ളവർക്ക് ആശ്വാസം
അടിയന്തരമായി എത്തിക്കുന്ന രോഗികൾക്കും ചികിത്സ ഉറപ്പാക്കാം
അയൽ ജില്ലക്കാർക്കും പ്രയോജനം
സ്വകാര്യന്മാരുടെ കഴുത്തറപ്പിൽ നിന്ന് രക്ഷപ്പെടാം
പുതിയ ഉപകരണങ്ങൾ
എക്കോ
ടി.എം.ടി
ഹാൾട്ടർ
കരുത്താകും കാത്ത് ലാബ്
ഹൃദ്രോഗ പരിശോധന, ചികിത്സാ മുറിയാണ് കാത്ത് ലാബ്. ഹൃദയ ധമനികളുടെയും അറകളുടെയും ചിത്രങ്ങൾ എടുക്കാനാവശ്യമായ ഉപകരണങ്ങളും സ്റ്റീനോസിസ് പോലെയുള്ള അസ്വാഭാവികതകൾ ഉണ്ടെങ്കിൽ അവ ചികിത്സിക്കാനുള്ള സംവിധാനങ്ങൾ എന്നിവ ഇവിടെയുണ്ട്. ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി, പേസ്‌മേക്കർ ഘടിപ്പിക്കൽ, ഹൃദയത്തിലെ ദ്വാരങ്ങൾ അടയ്ക്കൽ തുടങ്ങിയവ കാത്ത് ലാബിലാണ് നടക്കുന്നത്.
നേരത്തെ
കാർഡിയോളജിസ്റ്റുകളടക്കം
ഡോക്ടർമാർ-4
സേവനം
24 മണിക്കൂർ
ദിവസം ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി
20 വരെ
ഒ.പിയിൽ പ്രതിദിനം
200-300 പേർ
സാങ്കേതിക കാരണങ്ങളാലാണ് കാത്ത് ലാബ് അടച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തുടങ്ങുമ്പോൾ ഇ.എസ്.ഐ കോർപ്പറേഷന് ബാദ്ധ്യതയാവുകയില്ല.
ആശുപത്രി അധികൃതർ