കൊല്ലം: തണലിനുപരി​ ആദായം കൂടി ലക്ഷ്യമിട്ട് മുഖത്തല ബ്ളോക്ക് പഞ്ചായത്തിന്റെ പ്ളാന്റേഷൻ പദ്ധതി​. 2025- 26 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ ചെലവി​ട്ട് നെടുമ്പന പൊതുജനാരോഗ്യ കേന്ദ്രത്തിലെ, ഉപയോഗിക്കാതെ കിടന്ന ഒരേക്കർ ഭൂമിയാണ് ഇതി​നായി​ തിരഞ്ഞെടുത്തത്.

വിദേശ ഫലവൃക്ഷത്തൈകൾ ഉൾപ്പെടെയാണ് നട്ടുപരിപാലിക്കുന്നത്. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ ഇവിടെ 40 ഇനങ്ങൾ നട്ടു.

പൊതുജനാരോഗ്യ കേന്ദ്രം സൂപ്രണ്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികൾ തുടങ്ങിയവർ അടങ്ങിയ നെടുമ്പന ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാലനം. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികൾ വെള്ളമൊഴിക്കലും മറ്റും നിർവഹിക്കും.

പേര, സീതപ്പഴം, സപ്പോട്ടയുടെ ഇനങ്ങളായ കലപട്ടി, തായ്‌ലൻഡ് ബനാന ഗ്രാഫ്റ്റ്, ചാമ്പ ഇനമായ ഡൽഹരി, മാവിനങ്ങളായ കോട്ടൂർ കോണം, മല്ലിക, കൊലമ്പ് എച്ച് ജി ഗ്രാഫ്റ്റ്, സീഡ്‌ലെസ് ലെമൺ, ബാർബദോസ് ചെറി, റംബൂട്ടാൻ എൻ 18, പ്ലാവിനമായ ജാക്ക് ജെ 33, ജാക്ക് വിയറ്റ്‌നാം സൂപ്പർ ഏർലി, അവാകാഡോ, അമ്പഴം എന്നിവയോടൊപ്പം വിദേശരാജ്യങ്ങളിൽ മാത്രമുള്ള റോളീനിയ, അബിയു എന്നി​വയാണ് ഇവി​ടെ വി​ളയുന്നത്.

അതീവ ശ്രദ്ധയി​ൽ പരിപാലനം

 ഡോളോമൈറ്റ്, വെർമി കമ്പോസ്റ്റ്, അബ്ടക് സൂപ്പർ മീൽ എന്നി​വ വളങ്ങൾ

 സംരക്ഷണത്തിന് 6,000 രൂപ ചെലവിൽ 0.5 മീറ്റർ നീളത്തിലുള്ള ട്രീ ഗാർഡ്

 തൈകൾ വാങ്ങിയത് കൃഷിവകുപ്പിന്റെ അഗ്രോ സർവീസ് സെന്ററിൽ നിന്ന്

....................................

വിളവെടുപ്പ് കാലം: മൂന്ന് വർഷം

തൈകളുടെ വിപണി വില: 100- 500

പദ്ധതി ചെലവ്: 1 ലക്ഷം


മറ്റു പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ശ്രമം. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന പകൽവീട്ടിൽ പദ്ധതിക്കായി​ സ്ഥലപരിശോധന നടത്തി

ബി.യശോദ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്