കൊല്ലം: മനുഷ്യക്കടത്ത് കേസിൽ മൂന്ന് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്നയാൾ സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി. കരിക്കോട് റിനു ഭവനിൽ റിനു രാജാണ് പിടിയിലായത്. കിളികൊല്ലൂർ സ്വദേശിയായ വിഷ്ണുരാജിന് ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയ ശേഷം മ്യാൻമാറിലേക്ക് കടത്തിയ സംഭവത്തിലാണ് അറസ്റ്റ്.
അക്കൗണ്ട് വഴി പണം കൈപ്പറ്റിയ ശേഷം കൊച്ചി എയർപോർട്ടിൽ നിന്ന് വിഷ്ണുരാജിനെ തായ്ലൻഡിൽ എത്തിച്ചു. അവിടെ നിന്ന് മ്യാൻമറിലെ ക്യാമ്പിലെത്തിക്കുകയും ഓൺലൈൻ തട്ടിപ്പിനുള്ള ജോലി നൽകുകയും ചെയ്തു. വിസമ്മതിച്ച വിഷ്ണുരാജിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ഒടുവിൽ വിഷ്ണുരാജിനെ തിരികെ നാട്ടിലെത്തിക്കുന്നതിന് വീണ്ടും പണം കൈക്കലാക്കി. കുറവിലങ്ങാട്, പാല, കോലഞ്ചേരി, മൂവാറ്റുപുഴ, പുതുക്കാട് പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ട്. റിമാൻഡ് ചെയ്തു. കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ബി.വിനോദ്, സബ് ഇൻസ്പെക്ടർമാരായ എം.അബ്ദുൾ റഹൂഫ്, ഡി.ഷിബു, സി.എസ്.ബിനു, അസി. സബ് ഇൻസ്പെക്ടർ അബ്ദുൽ കബീർ, സി.പി.ഒമാരായ എ.അൻവർ, മുഹമ്മദ് ഷാഫി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.