കൊല്ലം: പാഠപുസ്തകങ്ങളിൽ നിന്നുള്ള അറിവ് പൂർണമാകണമെങ്കിൽ പത്രവായന അനിവാര്യമാണെന്ന് മുരുന്തൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മോഹൻബാബു പറഞ്ഞു. അഷ്ടമുടി ഗവ.എച്ച്.എസ്.എസിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വായനയിലൂടെ ലഭിക്കുന്ന അറിവും അനുഭവവും ഓരോ കുട്ടിയുടെയും വ്യക്തിത്വ വികാസത്തിൽ നിർണായക സ്ഥാനം വഹിക്കും. മികച്ച വായനയും അറിവും മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടാക്കാൻ സഹായിക്കും. പല കാരണങ്ങളാൽ വിദേശത്തേക്ക് കടക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടിവരികയാണ്. കടം വാങ്ങിയും മറ്റും ഇത്തരത്തിൽ വിദേശത്ത് പോവുന്നവരും അതിജീവിക്കാൻ കഴിയാതെ മടങ്ങി വരുന്നവരും കുറവല്ല. കഴിവതും ഒരു ഡിഗ്രിയെങ്കിലും നേടിയശേഷം മാത്രം വിദേശത്തേക്ക് പോകാൻ ശ്രമിക്കണം. രാജ്യത്തെ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ പോൾ ആന്റണി അദ്ധ്യക്ഷനായി. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് ഷിബു ജോസഫ് സ്വാഗതവും എച്ച്.എസ്.എസ് മലയാളം വിഭാഗം അദ്ധ്യാപിക ഒ .ദീപ്തി നന്ദിയും പറഞ്ഞു. മുരുന്തൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.എ. ശ്രീജിത്ത്, ഭരണസമിതി അംഗം കെ. അനിൽകുമാർ, എച്ച്.എസ്.എസ്.ടി സീനിയർ ഷൈനി എഡ്വാർഡ്, കേരളകൗമുദി ഞാറയ്ക്കൽ ഏജന്റ് രാമഭദ്രൻ പിള്ള എന്നിവർ പങ്കെടുത്തു. മുരുന്തൽ സർവീസ് സഹകരണ ബാങ്കാണ് പത്രം സ്പോൺസർ ചെയ്തത്.