public-
കാരാളിമുക്ക് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപത്തെ കൂറ്റൻ പാലമരം

പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കിയില്ല

കുന്നത്തൂർ: കാരാളിമുക്ക്-കടപുഴ റോഡിൽ അപകടഭീഷണി ഉയർത്തി നിൽക്കുന്ന കൂറ്റൻ പാലമരം മുറിച്ചുമാറ്റാൻ കെ.എസ്.ഇ.ബി. അധികൃതർ തടസം നിൽക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാകുന്നു. കാരാളിമുക്ക് റെയിൽവേ ഓവർബ്രിഡ്ജിന് സമീപം ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് ഈ മരം. പരാതികൾ വ്യാപകമായതിനെത്തുടർന്ന് പഞ്ചായത്ത് നടത്തിയ ലേലത്തിൽ 8,000 രൂപയ്ക്ക് ഒരാൾ മരം വാങ്ങിയിരുന്നു. ഇന്നലെ മരം മുറിച്ചുമാറ്റാൻ തീരുമാനിക്കുകയും, ഇതിന്റെ ഭാഗമായി രാവിലെ മുതൽ കാരാളിമുക്ക് ടൗണിൽ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു.

എന്നാൽ, മരത്തിന് സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റാൻ കെ.എസ്.ഇ.ബി.യുടെ ശാസ്താംകോട്ട സെക്ഷൻ അധികൃതർ തയ്യാറായില്ല.

കോൺഗ്രസ് നേതാവ് സുരേഷ് ചന്ദ്രൻ ഉൾപ്പെടെ പലരും ബന്ധപ്പെട്ടിട്ടും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ അനുകൂലമായി പ്രതികരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ലൈനുകൾ അഴിച്ചുമാറ്റാൻ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് തടസം സൃഷ്ടിക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. വൈകുന്നേരം വരെ കാത്തുനിന്നിട്ടും നടപടിയുണ്ടാകാത്തതിനെത്തുടർന്ന് മരം വാങ്ങിയവർ മടങ്ങിപ്പോയി. കൂടാതെ, വിവരമറിയിച്ചിട്ടും പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുണ്ട്.