കൊല്ലം: കിളികൊല്ലൂർ സ്റ്റേഷനിൽ നിന്ന് കരുതൽ തടങ്കലിനായി പിടികൂടിയ പ്രതി ഭാര്യയോടൊപ്പം രക്ഷപ്പെട്ട സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷേർലിയെയാണ് സസ്പെൻഡ് ചെയ്തത്. സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ അശ്രദ്ധ മൂലമാണ് പ്രതി രക്ഷപ്പെട്ടതെന്നും സംഭവം മേലുദ്യോഗസ്ഥരെ അറിയിക്കാൻ വൈകിച്ചെന്നും കാണിച്ചാണ് നടപടി.
കിളികൊല്ലൂർ കല്ലുംതാഴം വയലിൽ പുത്തൻവീട്ടിൽ അജു മൻസൂറാണ് ഭാര്യ ബിൻഷയുടെ സഹായത്തോടെ കഴിഞ്ഞ 5ന് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്. ഈ സമയം ഷേർലിക്കായിരുന്നു ജി.ഡി ചാർജ്. കൂടാതെ, പാറാവ് ഡ്യൂട്ടിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഈ സമയം ട്രാഫിക് പോയിന്റ് ഡ്യൂട്ടിയിലും സ്റ്റേഷൻ ഇൻസ്പെക്ടർ, എസ്.ഐ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്റ്റേഷന് പുറത്തും ആയിരുന്നു.

രക്ഷപ്പെട്ട് ആദ്യം ബംഗളൂരുവിലേക്കും പിന്നീട് തമിഴ്നാട്ടിലേക്കും കടക്കുന്നതിനിടെ കഴിഞ്ഞ 7ന് വൈകിട്ടോടെ ഇരുവരും പൊലീസിന്റെ പിടിയിലായിരുന്നു. കേസിൽ അജുവിനും ബിൻഷയ്ക്കും കോടതി ജാമ്യം അനുവദിച്ചു.