തഴവ: തൊഴിലുറപ്പ് മേഖലയിലെ അശാസ്ത്രീയ പരിഷ്കരണങ്ങൾ കാരണം തീരദേശ മേഖലയായ ആലപ്പാട് പഞ്ചായത്തിൽ ആയിരക്കണക്കിന് തൊഴിലാളികൾ ദുരിതത്തിലായി. തൊഴിൽ സാദ്ധ്യതകൾ കുറവായ ഈ മേഖലയിൽ, 3500-ലധികം സ്ത്രീ തൊഴിലാളികളാണ് വരുമാനത്തിനായി തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിക്കുന്നത്. എന്നാൽ, ഈ വർഷം എൻ.ആർ.ജി.എസ് (ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) മുന്നോട്ട് വെച്ച പുതിയ ഭേദഗതികൾ തീരദേശ മേഖലയിലെ തൊഴിലവസരങ്ങളിൽ 50 ശതമാനം വരെ കുറവു വരുത്തിയിട്ടുണ്ട്.
പ്രവൃത്തിയിലും വരുമാനത്തിലും കുറവ്
മത്സ്യത്തൊഴിലാളി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ, 70 ശതമാനം കുടുംബങ്ങൾക്കും പത്തോ, അതിൽ താഴെയോ സ്ഥലം മാത്രമാണ് സ്വന്തമായുള്ളത്. മുൻപ് ഇത്തരത്തിലുള്ള പത്തോളം കുടുംബങ്ങളുടെ സ്ഥലം ഒന്നിച്ച് പരിഗണിച്ചാണ് പ്രവൃത്തിക്കായി എസ്റ്റിമേറ്റ് ചെയ്തിരുന്നത്. എന്നാൽ, പുതിയ ഭേദഗതി അനുസരിച്ച് ഓരോ സ്ഥലത്തിനും പ്രത്യേകം പ്രത്യേകം എസ്റ്റിമേറ്റ് ചെയ്യേണ്ടി വന്നിരിക്കുന്നു. ഇത് പ്രവൃത്തിയിലേർപ്പെടേണ്ട തൊഴിലാളികളുടെ എണ്ണത്തിലും പ്രവൃത്തി ദിവസങ്ങളിലും വലിയ കുറവാണ് വരുത്തിയിരിക്കുന്നത്.
വെള്ളക്കെട്ടും കൊതുകും ഭീഷണി
പുതിയ നിർദ്ദേശം അനുസരിച്ച്, കുഴിയുണ്ടാക്കി മണ്ണെടുത്ത ശേഷമേ വരമ്പ് നിർമ്മിക്കാൻ കഴിയുകയുള്ളൂ. കടലിനും കായലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ആലപ്പാട് പഞ്ചായത്തിൽ, 2.5 മീറ്റർ നീളവും 40 സെന്റിമീറ്റർ താഴ്ചയുമുള്ള കുഴിയെടുത്താൽ വെള്ളക്കെട്ടുണ്ടാകുമെന്നത് വലിയ ഭീഷണിയാണ്. ഇത്തരത്തിൽ കുഴികളെടുക്കുന്നതിന് എസ്റ്റിമേറ്റിൽ പ്രഥമ പരിഗണന നൽകണമെന്നാണ് എൻ.ആർ.ജി.എസ്. നിർദ്ദേശിച്ചിരിക്കുന്നത്. മറ്റ് പ്രവൃത്തികൾ ഇതിൽ താഴെ മാത്രം വരണമെന്നും ശുപാർശയുണ്ട്. സ്ഥിരമായ വെള്ളക്കെട്ടും കൊതുക് ശല്യവും കാരണം കുഴിയെടുക്കുന്നത് അപ്രായോഗികമായതോടെ, മറ്റ് പ്രവൃത്തികൾ എസ്റ്റിമേറ്റിൽ പരിമിതപ്പെട്ട് ആലപ്പാട് ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി തന്നെ താറുമാറായിരിക്കുകയാണ്.
പുനക്രമീകരിക്കണം
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഭൂപ്രകൃതിക്കും ജീവിത സാഹചര്യത്തിനും അനുസരിച്ച് ക്രമീകരിച്ചിരിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിലെ പല വ്യവസ്ഥകളും ഇവിടുത്തെ സാഹചര്യത്തിന് ഒട്ടും അനുയോജ്യമല്ലെന്ന് മാത്രമല്ല, ദുരിതം വരുത്തിവെക്കുന്നതുമാണ്. രൂക്ഷമായ തൊഴിൽ പ്രതിസന്ധിയും ദാരിദ്ര്യവും നേരിടുന്ന ആലപ്പാട് പഞ്ചായത്തിലെ ആയിരക്കണക്കിന് വീട്ടമ്മമാരുടെ ഏക വരുമാന മാർഗമായിരുന്ന തൊഴിലുറപ്പ് പദ്ധതിയെ പുനക്രമീകരിക്കുവാൻ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.