ക്ളാപ്പന : കേന്ദ്ര സർക്കാർ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയ ചരിത്രഭാഗങ്ങൾ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുനഃസ്ഥാപിച്ചതിനെ തുടർന്ന്, പ്രതികാരമെന്നോണം 1500 കോടി രൂപയുടെ കേന്ദ്രസഹായം കേരളത്തിന് നിഷേധിച്ചതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പ്രയാർ ആർ.വി.എസ്.എം. എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചതിന്റെ 25-ാം വാർഷികാഘോഷം 'ത്വിഷ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു.സ്കൂളിൽ പുതുതായി സജ്ജമാക്കിയ സെമിനാർ ഹാളിന്റെ സമർപ്പണവും ഇതോടൊപ്പം നടന്നു. സ്കൂൾ മാനേജർ ഡോ.പി.ബാലചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, മുൻ മാനേജരും മുൻ എം.പി.യുമായ എസ്. രാമചന്ദ്രൻ പിള്ള നവീകരിച്ച മാനേജ്മെന്റ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ, വാർഡ് മെമ്പർ പി. സ്വാമിനാഥ്, പി.ടി.എ പ്രസിഡന്റ് എം.അബ്ദുൽ വാഹിദ്, സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.ജയശ്രീ, ആർ.വി.എസ്.എം.എൽ.പി.എസ് പ്രിൻസിപ്പൽ പി.മായ, എസ്.ശ്രീരാജ് എന്നിവർ സംസാരിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബീന ഭാസ്കർ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ മാനേജർ പ്രൊഫ.കെ.കൃഷ്ണപിള്ള സ്വാഗതവും ഡയറക്ടർ ബോർഡ് അംഗം പി.കെ.വേണുഗോപാൽ നന്ദിയും പറഞ്ഞു. തുടർന്ന് 'നൈറ്റ് ഫിയസ്റ്റ' എന്ന പേരിൽ കലാസന്ധ്യയും അരങ്ങേറി.