ബീച്ചിൽ ഇല്ലാതായത്
15 മീറ്ററോളം
കൊല്ലം: കള്ളക്കടൽ പ്രതിഭാസവും വേലിയേറ്റവും ഇടയ്ക്കിടയ്ക്കെത്തുന്ന മഴയും ആഞ്ഞടിക്കുന്ന തിരമാലകളും ചേർന്ന് ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലയായ കൊല്ലം ബീച്ചിനെ കവരുന്നു. ബീച്ചിന്റെ വടക്ക് ഭാഗത്ത് ഏകദേശം 15 മീറ്ററോളം വീതിയിൽ കര കടലെടുത്തു.
തെക്കുഭാഗത്തും സമാന സ്ഥിതിയാണ്. ബീച്ചിന്റെ നടുക്ക് ഭാഗത്ത് മാത്രമാണ് അല്പം ആശ്വാസമുള്ളത്. കൂറ്റൻ തിരമാലകൾ ഏകദേശം അഞ്ചടി താഴ്ചയിൽ തീരം കുഴിച്ചെടുത്തു. മൂന്നുമാസമായി തീരം കടലെടുക്കാൻ തുടങ്ങിയെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായിട്ടാണ് ഇത്രേയും രൂക്ഷമാകുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നു. കടൽകയറ്റം ശക്തമായതോടെ രണ്ടര കിലോമീറ്ററോളം നീളത്തിൽ കയർ വലിച്ചുകെട്ടുകയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയും ജില്ലയിൽ കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. കടൽ കയറ്റം വീണ്ടും ശക്തമായേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാരും വിനോദ സഞ്ചാരികളും.
തീരം അത്ര സുരക്ഷിതമല്ല
റെസ്ക്യൂ ട്യൂബ്, ലൈഫ്ബോയ എന്നിവ ഉണ്ടെങ്കിലും കാലപ്പഴക്കത്തിൽ ഉപയോഗശൂന്യം
ഫസ്റ്റ് എയ്ഡ് ബോക്സ് കാലി
സെർച്ച് ലൈറ്റ്, ഡിങ്കിബോട്ട്, വാക്കിടോക്കി, വാട്ടർസ്കൂട്ടർ, സ്പീഡ് ബോട്ട് എന്നിവയില്ല
സഞ്ചാരികൾക്ക് അപകട മുന്നറിയിപ്പ് നൽകാനുള്ള അലാറവുമില്ല
രക്ഷാ ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള ടവർ പൊളിഞ്ഞ നിലയിൽ
ലൈഫ് ഗാർഡുമാർക്ക് പുതിയ യൂണിഫോമും ഇല്ല
മുന്നറിയിപ്പും ചാടിക്കടക്കും
അപകട മുന്നറിയിപ്പ് നൽകിയാലും സന്ദർശകരിൽ പലരും ചെവിക്കൊള്ളാറില്ലെന്ന് ജീവൻ രക്ഷാ പ്രവർത്തകർ പറയുന്നു. കയർ കെട്ടിത്തിരിച്ചത് ചാടിക്കടന്നാണ് ബീച്ചിലെ മരണത്തിരമാലയിൽ ആർത്തുല്ലസിക്കുന്നത്. അവധി ദിവസങ്ങളിൽ വിദേശികളും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരുമുൾപ്പടെ നൂറുകണക്കിനാളുകൾ എത്തുന്ന ബീച്ച് സുരക്ഷിതമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
എല്ലാവർഷവും ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ തീരം കടലെടുക്കാറുണ്ട്. തൊട്ടടുത്ത മാസങ്ങളിൽ പഴയരീതിയിലേക്ക് മാറുന്നതാണ് പതിവ്. കടൽ ഇത്തവണ മുമ്പത്തേക്കാൾ പ്രക്ഷുബ്ധമാണ്. തീരസംരക്ഷണ പദ്ധതികൾ കാര്യക്ഷമമല്ല.
ജോർജ്, സമീപവാസി