camara
# തെന്മല നാൽപതാംമൈലിൽ കഴിഞ്ഞ ദിവസം പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ പ്രദേശത്ത് വനം വകുപ്പിന്റെ നേതൃത്വത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നു. # പ്രദേശത്ത് സ്ഥാപിച്ച അസ്കാ ലൈറ്റ്.

പുനലൂർ: പുലിപ്പേടിയിലായ തെന്മല നാല്പതാം മൈൽ ഭാഗത്ത് ജനവാസ മേഖലയിൽ കെണി സ്ഥാപിക്കുന്നതിന് മുന്നോടിയായി നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. ജനവാസ മേഖലയോട് ചേർന്ന് റബർ തോട്ടത്തിലും മറ്റുമായി നാല് കാമറകളാണ് തെന്മല വനം റേഞ്ച് അധികൃതർ സ്ഥാപിച്ചത്. പുലികളെ ആകർഷിക്കാനും വ്യക്തമായ ദൃശ്യങ്ങൾ ലഭിക്കുന്നതിനുമായി അസ്കാ ലൈറ്റുകളും സ്ഥാപിച്ചു. കാമറകളിൽ പുലിയുടെ ദൃശ്യം ലഭിച്ചാൽ കൂട് സ്ഥാപിക്കുമെന്നും അധികൃതർ പറഞ്ഞു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നാൽപതാം മൈൽ ലക്ഷം വീടിന് സമീപം കഴിഞ്ഞ ദിവസങ്ങളിൽ പുലിയിറങ്ങിയിരുന്നു. ശ്രീ പത്മനാഭ വിലാസം പ്രേംജിത്തിന്റെ വീട്ടിലെ സിറ്റൗട്ടിൽ നിന്ന് വളർത്തു നായയെ വ്യാഴാഴ്ച പുലർച്ചെ പുലി കടിച്ചു കൊണ്ടുപോയി. ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞതോടെ വനപാലകർ എത്തി പരിസരത്തെ കാൽപ്പാടുകൾ പരിശോധിച്ച് പുലിയാണെന്ന് സ്ഥിരികരിച്ചു. അടുത്തിടെ പലദിവസങ്ങളിലും ഈ ഭാഗത്ത് പുലിയിറങ്ങിയിരുന്നു. പരിസരവീടുകളിലെ വളർത്തുമൃഗങ്ങളെ പലതിനെയും കാണാനില്ലായിരുന്നു.