ശാസ്താംകോട്ട: എക്സ്പ്രസ് ഉൾപ്പെടെ നിരവധി ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ പുതിയ സ്റ്റേഷൻ കെട്ടിടം പണിതിട്ടും യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന് പരാതി. ഇരിപ്പിടങ്ങൾ പോലും ഇല്ലാത്തതിനാൽ നൂറുകണക്കിന് യാത്രക്കാർ മണിക്കൂറുകളോളം നിന്ന് വലയുകയാണ്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ സ്റ്റേഷൻ കെട്ടിടം രണ്ട് വർഷം മുമ്പ് പ്രവർത്തനക്ഷമമായതാണ്. തിരുവനന്തപുരം ഭാഗത്തേക്കുള്ള ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ പഴയ കെട്ടിടത്തിന് സമീപത്തായാണ് ഇത് നിർമ്മിച്ചത്. പഴയ കെട്ടിടം പ്ലാറ്റ്‌ഫോമിന്റെ ഒരറ്റത്തായിരുന്നതുകൊണ്ടാണ് പുതിയ കെട്ടിടം പണിതത്. സാധാരണയായി, എൻജിൻ വരുന്ന ഭാഗത്താണ് ജനറൽ കമ്പാർട്ട്‌മെന്റുകൾ വന്നുനിൽക്കാറ്. അതിനാൽ മിക്ക യാത്രക്കാരും പുതിയ കെട്ടിടത്തിന് മുന്നിലാണ് തങ്ങുന്നത്. ഈ ഭാഗത്ത് കസേരകളോ , സിമന്റ് ബെഞ്ചുകളോ ഇല്ലാത്തതിനാൽ യാത്രക്കാർ മണിക്കൂറുകളോളം നിൽക്കേണ്ട അവസ്ഥയാണ്. ആർ.സി.സി., ശ്രീചിത്ര, മെഡിക്കൽ കോളേജ് പോലുള്ള ആശുപത്രികളിലേക്ക് പോകേണ്ട രോഗികളാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്.
മഴയും വെയിലുമേറ്റ് യാത്രക്കാർ
പുതിയ സ്റ്റേഷൻ കെട്ടിടത്തിന്റെ പ്ലാറ്റ്‌ഫോം ഭാഗത്തെ മേൽക്കൂര അലുമിനിയം ആയതിനാൽ വേനൽക്കാലത്ത് കടുത്ത ചൂടാണ് താഴെ നിൽക്കുന്നവർക്ക് അനുഭവപ്പെടുന്നത്. എന്നാൽ ഇവിടെ ഒറ്റ ഫാൻ പോലും സ്ഥാപിച്ചിട്ടില്ല. കൂടാതെ, പ്ലാറ്റ്‌ഫോമിൽ കുടിവെള്ള സൗകര്യം ഒരുക്കിയിട്ടില്ല. ജനറൽ കമ്പാർട്ട്‌മെന്റുകൾ വന്നുനിൽക്കുന്ന ഭാഗങ്ങൾ ഉൾപ്പെടെ പല സ്ഥലങ്ങളിലും മേൽക്കൂര ഇല്ലാത്തതിനാൽ യാത്രക്കാർ മഴയും വെയിലുമേറ്റ് നിൽക്കേണ്ട അവസ്ഥയിലാണെന്നും യാത്രക്കാർ പരാതിപ്പെടുന്നു. ചുരുക്കത്തിൽ, ലക്ഷങ്ങൾ മുടക്കി പുതിയ കെട്ടിടം പണിതിട്ടും യാത്രക്കാർക്ക് യാതൊരു പ്രയോജനവുമില്ലാത്ത അവസ്ഥയിലാണ് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ.