ജില്ലയിൽ നിന്ന്
370 ഓർഡർ
കൊല്ലം: ഓണാഘോഷത്തിന് മാറ്റ് കൂട്ടാൻ കുടുംബശ്രീ തയ്യാറാക്കിയ ഗിഫ്‌ടി ഹാംപർ സൂപ്പർ ഹിറ്റ്!. പുറത്തിറക്കി മൂന്ന് ദിവസത്തിനകം ജില്ലയിൽ കുടുംബശ്രീ ഓൺലൈൻ ഉത്പന്ന വിപണന സംവിധാനമായ ‘പോക്കറ്റ്മാർട്ട് ദി കുടുംബശ്രീ സ്‌റ്റോർ’ വഴി 370 ഓർഡറുകളാണ് ലഭിച്ചത്.
കഴിഞ്ഞ നാലിനാണ് ഗിഫ്റ്ര് ഹാംപർ പുറത്തിറക്കിയതെങ്കിലും ജില്ലയിൽ കഴിഞ്ഞ 6 മുതലാണ് പോക്കറ്റ് മാർട്ടിന്റെ ഓണം ഗിഫ്ട് ഹാംപർ ഓർഡർ ചെയ്ത് തുടങ്ങിയത്. ചിപ്സ് (250 ഗ്രാം), ശർക്കര വരട്ടി (250 ഗ്രാം), പായസം മിക്സ് (250 ഗ്രാം), സാമ്പാർ മസാല (100ഗ്രാം), മുളകുപൊടി (250 ഗ്രാം), മല്ലിപ്പൊടി (250 ഗ്രാം), മഞ്ഞൾപ്പൊടി (100 ഗ്രാം), വെജ് മസാല എന്നീ എട്ടു കൂട്ടങ്ങളാണ് ഗിഫ്ട് പായ്ക്കറ്റിലുള്ളത്.
സംസ്ഥാനതലത്തിൽ ബ്രാൻഡ് ചെയ്ത ഉത്പന്നങ്ങളാണ് ഗിഫ്ട് ഹാംപറിൽ ഉൾപ്പെടുത്തുന്നത്. 1000 രൂപ മൂല്യമുള്ള ഉത്പന്നങ്ങൾ 799 രൂപ + (കൊറിയർ ചാർജ് അധികം) രാജ്യത്തുടനീളം ലഭിക്കും. തൃശൂർ, കണ്ണൂർ ജില്ലകളിലാണ് ഓർഡർ അനുസരിച്ച് ഗിഫ്റ്റ് ഹാംപർ തയ്യാറാക്കുന്നത്.
സി.ഡി.എസ് തലത്തിലും സി.ഡി.എസ് പരിധിയിൽ നേരിട്ടും ഓണ ഗിഫ്ടുകൾ ലഭിക്കും. ജില്ലയിലെ ബ്രാൻഡഡ് കറി പൗഡർ കൺസോർഷ്യം, ചിപ്സ് കൺസോർഷ്യത്തിൽ നിന്നുള്ള ബ്രാൻഡഡ് ഉത്പന്നങ്ങൾ എന്നിവ സി.ഡി.എസ് തലത്തിൽ ലഭിക്കുന്ന കിറ്റുകളിൽ ലഭിക്കും. 750 രൂപയാണ് വില. ചിപ്സ്, ശർക്കരവരട്ടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, പായസം മിക്സ്, സാമ്പാർ മസാല, പർപ്പടം, അച്ചാർ, വെളിച്ചെണ്ണ, സഞ്ചി തുടങ്ങി 11 ഇനങ്ങളും കൂടാതെ സി.ഡി.എസ് പരിധിയിൽ സംരംഭകരുടെ ഉത്പന്നങ്ങളും ഇതിൽ ഉൾപ്പെടുത്തും.
അടുക്കള ഓണം ഓൺലൈനിൽ
ഫോട്ടോയും ഓണാശംസകളും ചേർത്ത് പ്രത്യേകം രൂപകൽപ്പന ചെയ്യുന്ന ആശംസാകാർഡും സമ്മാനിക്കാം
ഫോട്ടോ അപ്ലോഡ് ചെയ്യാനുള്ള സൗകര്യം ആപ്പിലുണ്ട്
പ്രിയപ്പെട്ടവർക്ക് സമ്മാനമായി ഓർഡർ ചെയ്തവരാണ് കൂടുതൽ
കടയിൽ പോയി മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട
വീട്ടുപടിക്കലെത്തും അടുക്കളയിലെ ഓണഗിഫ്ട്
പ്ലേസ്റ്റോറിലുണ്ട്
ഗൂഗിൾ പ്ലേസ്റ്റോറിലൂടെ ആപ്പ് ഡൗൺലോഡ് ചെയ്ത് ആവശ്യമുള്ളവ ഓർഡർ ചെയ്യാം. ഓപ്പൺ ടു കാർട്ട് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ പേയ്‌മെന്റും നൽകാം.
150 ഓണം വിപണന മേള
'ഓണം കുടുംബശ്രീക്കൊപ്പം' എന്ന ടാഗിൽ കുടുംബശ്രീ സംരംഭങ്ങളുടെ ഉത്പന്നങ്ങൾ വിപണി ഉറപ്പുവരുത്തുന്നതിനും, മുൻ വർഷങ്ങളിലെ പോലെ എല്ലാ സി.ഡി.എസുകളിലും രണ്ട് വിപണന മേളകൾ വീതമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇത്തവണയും 150 ഓണം വിപണന മേളകളാണ് കുടുംബശ്രീ ജില്ലാ മിഷൻ ആലോചിക്കുന്നത്.
പോക്കറ്റ് മാർട്ടിന്റെ പ്രചാരണത്തിനായി സി.ഡി.എസ് തല പോക്കറ്റ് മാർട്ട് പോസ്റ്റർ ക്യാമ്പയിൻ നടന്നുവരികയാണ്. സംസ്ഥാനത്ത് ഓണം ഗിഫ്ട് ഹാംപറിന് ഏറ്റവും കൂടുതൽ ഓർഡർ ലഭിച്ചത് കൊല്ലം ജില്ലയിൽ നിന്നാണ്.
കുടുംബശ്രീ അധികൃതർ