kk

കൊല്ലം: ഭാവിയിൽ എല്ലാ സാങ്കേതികവിദ്യയിലും പ്രാവീണ്യം നേടുന്നവരായി നമ്മൾ മാറണമെന്ന് സോഹോ കോർപ്പറേഷൻ സ്ഥാപകൻ ഡോ. ശ്രീധർ വേമ്പു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടന്ന ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠിച്ച കാര്യങ്ങൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരണമെന്ന് വീഡിയോ സന്ദേശത്തിൽ അമൃത വിശ്വവിദ്യാപീഠം ചാൻസലർ കൂടിയായ മാതാ അമൃതാനന്ദമയി പറഞ്ഞു.

മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തി. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ഡയറക്ടർ ഡോ.ചന്ദ്രഭാസ് നാരായണ അതിഥിയായി. അമൃത വിശ്വവിദ്യാപീഠം വി.സി ഡോ.വെങ്കട്ട് രംഗൻ, രജിസ്ട്രാർ ഡോ.പി.അജിത്ത് കുമാർ, പ്രൊവോസ്റ്റ് ഡോ. മനീഷ.വി.രമേഷ്, സ്‌കൂൾ ഒഫ് എൻജിനിയറിംഗ് ഡീൻ ഡോ.ബാലകൃഷ്ണൻ ശങ്കർ, പി.ജി പ്രോഗ്രാംസ് ഡീൻ ഡോ.കൃഷ്ണശ്രീ അച്യുതൻ, അമൃത സ്‌കൂൾ ഫോർ ലൈഫ് സയൻസസ് ഡീൻ ഡോ. ബിപിൻ നായർ തുടങ്ങിയവർ സംസാരിച്ചു.

ആകെ 2,452 വിദ്യാർത്ഥികളാണ് ബിരുദം ഏറ്റുവാങ്ങിയത്. ഇ ഫോർ ലൈഫ് (എഡ്യുക്കേഷൻ ഫോർ ലൈഫ്) പി.എച്ച്.ഡി സ്‌കോളർഷിപ്പ് പ്രോഗ്രാമിൽ ഗവേഷണം പൂർത്തിയാക്കിയ 23 പേരുൾപ്പെടെ 60 പേർക്ക് ചടങ്ങിൽ ഡോക്ടറൽ ബിരുദവും സമ്മാനിച്ചു.