n

മൺറോത്തുരുത്ത്: ചികിത്സ കിട്ടാതെ കാലിലെ മുറിവിൽ പുഴുവരിച്ച് അവശയായ വൃദ്ധയെ പൊതുപ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. പട്ടംതുരുത്ത് ഈസ്റ്റ് വാർഡിലെ വൃദ്ധയ്ക്കാണ് പൊതുപ്രവർത്തകർ രക്ഷകരായത്. ഇവർക്കൊപ്പം താമസിച്ചിരുന്ന മകനെ നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഇതോടെ ഒറ്റയ്ക്കായ വൃദ്ധയ്ക്ക് അയൽവാസികളാണ് ഭക്ഷണം എത്തിച്ചിരുന്നത്. പ്രമേഹബാധിതയായ വൃദ്ധയുടെ കാലിൽ വ്രണം രൂപപ്പെട്ടത് അയൽവാസികൾ അധികൃതരെ അറയിച്ചെങ്കിലും ആരും തിരഞ്ഞുനോക്കിയില്ല. ഇന്നലെ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിനു കരുണാകരന്റെയും എരിയാ കമ്മറ്റിയംഗം കെ.മധുവിന്റെയും നേതൃത്വത്തിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം പത്തനാപുരം ഗാന്ധിഭവനിൽ അഭയം ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാ വനിതാ സംരക്ഷണ ഓഫീസർ ഇടപെട്ട് കൂട്ടിരിപ്പിനായി സഖി വൺ സ്റ്റോപ്പിൽ നിന്ന് ആരോഗ്യപ്രവർത്തകയെ നിയോഗിച്ചു.

അഭയമൊരുങ്ങിയത് കേരളകൗമുദി വാർത്തയിൽ

വൃദ്ധയും മകനും തിരുവനന്തപുരത്ത് റോഡ് വക്കിൽ താത്കാലിക ഷെഡ് കെട്ടിയാണ് താമസിച്ചിരുന്നത്. ഇവരുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് ഒരു സുമനസ് ഇവർക്ക് മൺറോത്തുരുത്തിൽ അഭയമൊരുക്കുകയായിരുന്നു.