thadi-lori
പുനലൂർ ചെമ്മന്തൂരിൽ ചരക്ക് ലോറി വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടം

പുനലൂർ : കൊല്ലം-തിരുമംഗലം ദേശീയപാതയിൽ വൺവേ തെറ്റിച്ചെത്തിയ ലോറി പാതയോരത്തെ വൈദ്യുതത്തൂൺ ഇടിച്ചൊടിച്ചു.

അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ വൈകിട്ട് നാല് മണിയോടെ ചെമ്മന്തൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലാണ് അപകടം നടന്നത്. കൊല്ലത്തുനിന്ന് തടി കയറ്റി തെങ്കാശിയിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ചെമ്മന്തൂരിൽ നിന്ന് മാർക്കറ്റ് ജംഗ്ഷൻ വഴി ദേശീയപാതയിൽ പ്രവേശിക്കേണ്ട ലോറി വൺവേ തെറ്റിച്ച് പോസ്റ്റ് ഓഫീസ് ജംഗ്ഷനിലേക്ക് പോകുകയായിരുന്നു. ഈ സമയം എതിർദിശയിൽ നിന്ന് വന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനിടയിൽ സമീപത്തെ കെ.എസ്.ഇ.ബി.യുടെ തൂണിൽ ഇടിച്ച് തൂൺ നിലംപതിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം അൽപനേരം തടസപ്പെട്ടു. പിന്നീട് കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി കമ്പികൾ മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സ്ഥലത്തെത്തിയ പുനലൂർ പൊലീസ് ലോറി കസ്റ്റഡിയിലെടുത്തു. ചെങ്കോട്ട സ്വദേശി മഹേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട ലോറി.