കൊല്ലം: സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഡ്രൈവർ ജോലിക്കായി ആളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകി തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. പാലക്കാട് ഷൊർണൂർ കവളപ്പാറ ചൂണ്ടക്കാട്ട് പറമ്പിൽ വീട്ടിൽ വിഷ്ണുവാണ് (27) കൊല്ലം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹികമാദ്ധ്യമങ്ങൾ വഴിയും ഒ.എൽ.എക്സ് വഴിയും തിരുവനന്തപുരം കഴക്കൂട്ടത്ത് ഡോക്ടറുടെ ഹൗസ് ഡ്രൈവർ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. വാഹനം ഇന്നോവ ക്രിസ്റ്റയാണെന്നും മാസശമ്പളം 32000 രൂപയും താമസവും ഭക്ഷണവും സൗജന്യമാണെന്നും വിശ്വസിപ്പിച്ചു.
ഇൻസ്റ്റഗ്രാമിൽ തൊഴിലവസരങ്ങൾ നോക്കുന്ന പേജിൽ പ്രതിയിട്ട പരസ്യം കാൽ ലക്ഷം പേർ കണ്ടിട്ടുണ്ട്. പരസ്യത്തിലെ നമ്പരിൽ ബന്ധപ്പെടുന്നവരോട് എറണാകുളത്ത് ഓഫീസ് ഉണ്ടെന്നും അവിടെ നേരിട്ടെത്തി രജിസ്റ്റർ ചെയ്യുാനും അല്ലെങ്കിൽ ലൈസൻസിന്റെയും ആധാറിന്റെയും കോപ്പി വാട്സാപ്പിലുടെ അയയ്ക്കാനും ആവശ്യപ്പെട്ടു. രജിസ്ട്രേഷൻ ഫീസായി 560 രൂപയും വാങ്ങി. തുടർന്ന് വെരിഫിക്കേഷനായി 1000 രൂപ കൂടി വാങ്ങി. തുക കൈക്കലാക്കിയ ശേഷം ഇവരെ ബ്ളോക്ക് ചെയ്യുകയാണ് പതിവ്. തുടർന്ന് പരസ്യം നൽകിയ ഫോൺനമ്പരും അക്കൗണ്ടും ഒഴിവാക്കി പുതിയ ഫോൺ നമ്പരും അക്കൗണ്ടുമെടുത്ത് ഇതേ പരസ്യം വീണ്ടും നൽകിയാണ് തട്ടിപ്പ് തുടർന്നത്.
ഡി.സി.ആർ.ബി എ.സി.പി നസീറിന്റെ മേൽ നോട്ടത്തിൽ കൊല്ലം സിറ്റി സൈബർ പൊലീസ് ഇൻസ്പെക്ടർ അബ്ദൂൽ മനാഫിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നിയാസ്, നന്ദകുമാർ, സി.പി.ഒ മാരായ ബിനൂപ്, ഹബീബ്, ഹിമാദ്, രാഖിൽ, ഫിറോസ്, അശ്വതി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഒരുവർഷം, 8 ലക്ഷം പോക്കറ്റിൽ
പണം നഷ്ടമായ കൊട്ടിയം പഴയാറ്റിൻകുഴി സ്വദേശി സൈബർ ക്രൈം പോർട്ടൽ നമ്പരായ 1930ൽ പരാതി രജിസ്റ്റർ ചെയ്തു
പല ജില്ലകളിലും സമാന പരാതി രജിസ്റ്റർ ചെയ്തിട്ടുള്ളതായി കണ്ടെത്തൽ
കഴിഞ്ഞ ഒരുവർഷമായി എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തു
സിം കാർഡും മൊബൈൽ ഫോണും രണ്ടാഴ്ച കൂടുമ്പോൾ മാറ്റും
പ്രതി പിടിയിലാകുമ്പോൾ ഉയോഗിച്ചിരുന്നത് രണ്ട് ദിവസം മുമ്പെടുത്ത സിംകാർഡും മൊബൈൽ ഫോണും
തട്ടിപ്പിന്റെ വ്യാപ്തിയെ സൈബർ പൊലീസ് അന്വേഷിക്കുന്നു