കൊല്ലം: ഷെയർ ട്രേഡിംഗിന്റെ മറവിൽ കിളികൊല്ലൂർ സ്വദേശിയിൽ നിന്ന് 1.75 കോടി തട്ടിയെടുത്ത സംഘത്തിലെ രണ്ട് യുവാക്കൾ കൊല്ലം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായി. കണ്ണൂർ കടാച്ചിറ ബൈത്തുറഹ്മ റെയീസ് (40), കണ്ണൂർ കടാച്ചിറ ഫിർദൗസ് ഹൗസിൽ നാസീം (26) എന്നിവരാണ് കൊല്ലം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്.
കുറഞ്ഞ സമയത്തിനുള്ളിൽ വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിച്ച് വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച ശേഷം പല തവണകളായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. നിക്ഷേപിക്കുന്നതിന് അനുസരിച്ച് ലാഭം വർദ്ധിക്കുന്നതായി ആപ്ലിക്കേഷനിൽ കാണിച്ച് കൂടുതൽ നിക്ഷേപം നടത്തിച്ചു. സഹോദരിയുടെ പേരിലുള്ള സ്വത്തുക്കൾ പണയപ്പെടുത്തി വരെ യുവാവ് നിക്ഷേപം നടത്തി. ഒടുവിൽ നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ പിൻവലിക്കാൻ കഴിയാതെ വന്നതോടെയാണ് കൊല്ലം സിറ്റി സൈബർ പൊലീസിനെ സമീപിച്ചത്.
അന്വേഷണത്തിൽ തുക റെയീസും നാസീമും ചേർന്ന് കമ്പനികൾ രജിസ്റ്റർ ചെയ്ത് അവയുടെ അക്കൗണ്ടുകളിലേക്കും കൂടാതെ മറ്റ് പല അക്കൗണ്ടുകളിലേക്കും കൈമാറിയതായി കണ്ടെത്തി. ഇവർക്ക് ഗോവ, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലുള്ള സൈബർ തട്ടിപ്പ് സംഘങ്ങളുമായി അടുത്ത ബന്ധമുണ്ട്.
കൊല്ലം സിറ്റി സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അബ്ദുൽ മനാഫിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഗോപകുമാർ, നിയാസ്, നന്ദകുമാർ, എ.എസ്.ഐമാരായ ഗായത്രിചന്ദ്രൻ, റീന, സി.പി.ഒമാരായ റീജ, അബ്ദുൾ ഹബീബ്, റോഹിത്, രാഹുൽ കബൂർ, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.