തൊടിയൂർ: ഓമനക്കുട്ടൻ മാഗ്ന രചിച്ച 'വടക്കൻമന്തൻ' എന്ന നോവലിന് തത്ത്വമസി സാഹിത്യ അക്കാഡമി ഏർപ്പെടുത്തിയ ഡോ.സുകുമാർ അഴീക്കോട് തത്ത്വമസി ജ്യോതിർഗമയ പുരസ്കാരം ലഭിച്ചു. കീഴാള രാഷ്ട്രീയത്തെ മുൻനിറുത്തി രചിക്കപ്പെട്ട നോവലാണ് 'വടക്കൻമന്തൻ'. ഈ നോവലിന് നേരത്തെ മലയാറ്റൂർ അവാർഡും ലഭിച്ചിട്ടുണ്ട്.
അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ തത്ത്വമസി സാഹിത്യ അക്കാഡമി ചെയർമാൻ ടി.ജി.വിജയകുമാർ ഓമനക്കുട്ടൻ മാഗ്നയ്ക്ക് പുരസ്കാരം സമ്മാനിച്ചു. തൊടിയൂർ സ്വദേശിയാണ് ഓമനക്കുട്ടൻ മാഗ്ന.
സുകുമാർ അഴീക്കോട് തത്ത്വമസി ജന്മശതാബ്ദി ആഘോഷവും പുരസ്കാര സമർപ്പണവും ജസ്റ്റിസ് കമാൽ പാഷ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി ജി.സുധാകരൻ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. കെ.സി. വേണുഗോപാൽ എം.പി മുഖ്യപ്രഭാഷണം നടത്തി. ഉമാ തുറത്തേരി, ദീപിക രഘുനാഥ്, അബ്ബാ മോഹൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഓമനക്കുട്ടൻ മാഗ്ന മറുപടി പ്രസംഗം നടത്തി.