railway
എഴുകോൺ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നവീകരണം തുടങ്ങിയപ്പോൾ.

എഴുകോൺ :

എഴുകോൺ റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ വരുമാനത്തിൽ ശുഭപ്രതീക്ഷ. റിസർവേഷൻ സൗകര്യം കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ചതോടെ സ്റ്റേഷന്റെ വരുമാനത്തിൽ വലിയ വർദ്ധനവുണ്ടായി. തത്കാൽ റിസർവേഷൻ ടിക്കറ്റുകളിലൂടെ ദിവസങ്ങൾക്കുള്ളിൽ 37,000 രൂപയാണ് ലഭിച്ചത്. ശനിയാഴ്ച മാത്രം ഈ ഇനത്തിൽ 15,000 രൂപയുടെ വരുമാനം കിട്ടി. പ്രതിദിനം ശരാശരി 50,000 രൂപ റിസർവേഷനിലൂടെ ലഭിക്കുമെന്നാണ് റെയിൽവേ കണക്കാക്കുന്നത്.പഴയ വരുമാനം: 2022-23 വർഷത്തിൽ എഴുകോൺ സ്റ്റേഷനിലെ ആകെ വരുമാനം 13.05 ലക്ഷം രൂപയായിരുന്നു, ഇതിൽ 11 ലക്ഷവും നേരിട്ടുള്ള ടിക്കറ്റ് ബുക്കിംഗിൽ നിന്നായിരുന്നു.

പ്ലാറ്റ്‌ഫോം നവീകരണം

എഴുകോൺ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഹൈ-ലെവൽ പ്ലാറ്റ്‌ഫോം നിർമ്മിക്കുന്നതിനോടൊപ്പം, 24 എൽ.എച്ച്.ബി. കോച്ചുകളുള്ള ട്രെയിനുകൾ നിറുത്താൻ സാധിക്കുന്ന രീതിയിൽ പ്ലാറ്റ്‌ഫോമിന്റെ നീളം വർദ്ധിപ്പിക്കാനുള്ള ജോലികളും ടെണ്ടർ ആയിട്ടുണ്ട്. ഇത് സ്റ്റേഷന്റെ വരുമാനം കൂട്ടാനും കൂടുതൽ യാത്രക്കാരെ ആകർഷിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2023-ൽ ഭരണാനുമതി ലഭിച്ച ഈ പദ്ധതിയുടെ ടെണ്ടർ നടപടികൾക്ക് തുടക്കത്തിൽ പ്രതിസന്ധികൾ നേരിട്ടിരുന്നു. ആദ്യഘട്ടത്തിൽ കരാറുകാർ ഏറ്റെടുക്കാൻ തയ്യാറാകാതിരുന്നതിനാൽ സാങ്കേതിക തടസങ്ങൾ നീക്കി വീണ്ടും ടെണ്ടർ വിളിച്ചാണ് പുതിയ കരാർ നൽകിയത്.

ദൈർഘ്യം: നിലവിൽ 260 മീറ്റർ നീളമുള്ള പ്ലാറ്റ്‌ഫോം 376 മീറ്റർ കൂടി നീട്ടി 576 മീറ്ററാക്കും.

സവിശേഷത: ഈ സെക്ഷനിലെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്‌ഫോം ഇനി എഴുകോണിലായിരിക്കും.

ഗുണം: നിലവിൽ ഉയരം കുറവായതിനാൽ ട്രെയിനിൽ കയറാൻ ബുദ്ധിമുട്ടനുഭവിച്ചിരുന്നവർക്ക് വലിയ ആശ്വാസമാകും. കുണ്ടറ, കൊട്ടാരക്കര സ്റ്റേഷനുകളെ ആശ്രയിച്ചിരുന്ന എഴുകോൺ നിവാസികളായ യാത്രക്കാർ ഇതോടെ ഈ സ്റ്റേഷൻ കൂടുതൽ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.