പുനലൂർ: വിശാലമായ തെന്മല ഡാമിലെ ജലപ്പരപ്പിനെ ഒഴുകുന്ന സോളാർ പാടമാക്കാമെന്ന് സാദ്ധ്യതാ പഠന റിപ്പോർട്ട്. തെന്മലയിലെ കല്ലട ജലസേചന പദ്ധതിയുടെ പരപ്പാർ അണക്കെട്ടിൽ 180 മെഗാവാട്ട് ശേഷിയുള്ള സോളാർ നിലയം സ്ഥാപിക്കാനാകുമെന്നാണ് അനർട്ടിന്റെ റിപ്പോർട്ടിലുള്ളത്.
സംസ്ഥാനത്ത് ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തെന്മല പരപ്പാർ, പാലക്കാട് പോത്തുണ്ടി, വയനാട്ടിലെ കാരാപ്പുഴ ഡാമുകളിലാണ് അനർട്ട് സാങ്കേതിക സംവിധാനങ്ങൾ ക്രമീകരിക്കുന്നതിന് സാദ്ധ്യതാ പഠന റിപ്പോർട്ട് തയ്യാറാക്കിയത്.
നിലവിൽ തെന്മല ഡാമിനോട് ചേർന്ന് 15 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ജലവൈദ്യുതി നിലയത്തിലൂടെയാണ്. 7.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രണ്ട് ജനറേറ്ററുകളാണുള്ളത്.
ജലാശയത്തിൽ ഉയർന്ന് കിടക്കുന്ന സോളാർ പാനലുകൾ സ്ഥാപിക്കുന്നതിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേക്ക് സുരക്ഷിതമായി എത്തിക്കാനും കഴിയും. ലോക ബാങ്കിന്റെ സഹായത്തോടെ എനർജി സെക്ടർ മാനേജ്മെന്റ് അസിസ്റ്റന്റ്സ് പ്രോഗ്രാമിന്റെ (എസ് മാപ്) സഹകരണത്തോടെയായിരുന്നു സാദ്ധ്യതാ പഠനം.
പഠന റിപ്പോർട്ട് സർക്കാരിൽ
ഡാമുകളുടെ ആഴം, വെള്ളത്തിൽ ഉയർന്ന കിടക്കാനുള്ള സ്ഥലസൗകര്യം, പാനലുകൾ ഉറപ്പിക്കാനുള്ള സംവിധാനം, വൈദ്യുതി വിതരണ ശ്യംഖലയിൽ എത്തിക്കാനുള്ള സൗകര്യം, ഊർജ ഉത്പാദന ചെലവ്, എത്ര വൈദ്യുതി ഉത്പാദിപ്പിക്കാനാകും, അപകടരഹിതമായ സാഹചര്യം, മറ്റ് തടസങ്ങൾ, പദ്ധതി വിപുലപ്പെടുത്താനുള്ള സാദ്ധ്യതകൾ ഉൾപ്പെടുന്ന പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.
പദ്ധതി മറ്റ് ഡാമുകളിലേക്കും
സമാന പദ്ധതി കേരളത്തിലെ മറ്റ് ഡാമുകളിലും ഫലപ്രദം
അനുയോജ്യമായ ഡാമുകളുടെ ലിസ്റ്റ് തയ്യാറാക്കാൻ നടപടി
ചെക്ക് ഡാമുകൾ, കായലുകൾ, നദികൾ, തരിശ് നെൽപ്പാടങ്ങൾ, ചതുപ്പ് പ്രദേശങ്ങൾ, വെള്ളക്കെട്ടുകൾ, തണ്ണീർത്തടങ്ങൾ എന്നിവിടങ്ങളിലെല്ലാം സോളാർ നിലയങ്ങൾ സ്ഥാപിക്കാൻ നിർദേശം
സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി വിപുലീകരിക്കാം
അണക്കെട്ട്, വൈദ്യുതി ശേഷി
തെന്മല-180 മെഗാവാട്ട്
പോത്തുണ്ടി-35
കാരാപ്പുഴ-51
ഒരുവർഷം ഉത്പാദനം
ആകെ-412 ദശലക്ഷം യൂണിറ്റ്
നിലവിൽ പ്രവർത്തിക്കുന്നത്
വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ട്
കായംകുളം എൻ.ടി.പി.സി കായൽ
കൊച്ചി കായൽ
എറണാകുളത്തെ മിൽമ ഡയറി താടകം
പടി.കല്ലടയിലെ തരിശുപാടത്ത് പ്ളാന്റ് നിർമ്മാണം ആരംഭിച്ചു
പാരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ലാതെ വൈദ്യുതി ഉത്പാദനത്തിൽ അധിക ശേഷി കൈവരിക്കാനാകുമെന്നതാണ് ഫ്ളോട്ടിംഗ് സോളാർ പ്ളാന്റുകളുടെ പ്രത്യേകത.
അനർട്ട് അധികൃതർ