കൊല്ലം: വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണ് അനിവാര്യമെന്ന് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പറഞ്ഞു. മങ്ങാട് ഈസ്റ്റ് 5378-ാം നമ്പർ ശാഖയുടെ 17-ാമത് വാർഷികാഘോഷ പൊതുസമ്മേളനം മങ്ങാട് ശ്രീകുമാരപുരം ക്ഷേത്രയോഗം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോളേജുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നു. ജോലി കിട്ടാൻ സാദ്ധ്യതയുള്ള വിദ്യാഭ്യാസ രീതിയല്ല ഇവിടെ ഉള്ളത്. പഠനം കഴിഞ്ഞ് ഇറങ്ങുമ്പോൾത്തന്നെ ജോലി നേടുക എന്നതാണ് ഓരോ വിദ്യാർത്ഥിയുടെയും ലക്ഷ്യം. ജോലി ചെയ്യാൻ പ്രാപ്തരാക്കുക എന്നതാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. എല്ലാ ജോലിക്കും അതിന്റേതായ മാന്യതയുണ്ട്. എന്ത് ജോലി ചെയ്താലും അതിന്റെ മഹത്വം അറിഞ്ഞ് പ്രവർത്തിക്കാൻ തയ്യാറാകണം. വിദ്യാർത്ഥികൾ രാജ്യത്തിന്റെ നന്മയ്ക്കായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
ശാഖ പ്രസിഡന്റ് ജെ. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. 2023-24, 2024-25 വർഷങ്ങളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മൊമന്റോയും ക്യാഷ് അവാർഡും യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ വിതരണം ചെയ്തു. യോഗം കൗൺസിലർ പി. സുന്ദരൻ ചികിത്സാ സഹായവിതരണം നിർവഹിച്ചു. ശാഖ സെക്രട്ടറി ജെ. അനിൽകുമാർ സ്വാഗതവും യൂണിയൻ പ്രതിനിധി സുനിൽ പ്രഭാകരൻ നന്ദിയും പറഞ്ഞു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, കൊല്ലം യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഡോ.എസ്.സുലേഖ, സെക്രട്ടറി ഷീല നളിനാക്ഷൻ, വനിതാസംഘം മേഖല കൺവീനർ പി.ആർ. ജലജ, യൂത്ത്മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, കൊല്ലം യൂണിയൻ കൗൺസിലർ ബി. പ്രതാപൻ, ശാഖ വനിതാസംഘം പ്രസിഡന്റ് സുജാത എന്നിവർ സംസാരിച്ചു.