ddd
dog

ശാസ്താംകോട്ട : ശാസ്താംകോട്ട, മൈനാഗപ്പള്ളി ഉൾപ്പെടെ താലൂക്കിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചതോടെ ജനങ്ങൾ ഭീതിയിൽ. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ നായകളുടെ കൂട്ടങ്ങളെ കാണാൻ സാധിക്കുന്നുണ്ട്. പത്തും ഇരുപത്തിയഞ്ചും നായ്ക്കൾ അടങ്ങുന്ന കൂട്ടങ്ങളാണ് സാധാരണയായി സഞ്ചരിക്കുന്നത്.

യാത്രക്കാർക്ക് ഭീഷണി

ഇരുചക്രവാഹന യാത്രക്കാരാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്. ഇവരുടെ പിന്നാലെ ഓടുകയും മുന്നിലേക്ക് ചാടി അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നത് പതിവാണ്. സ്കൂൾ വിദ്യാർത്ഥികൾ, പ്രഭാത സവാരിക്കാർ, പത്രവിതരണക്കാർ, വയോജനങ്ങൾ തുടങ്ങിയവരും ആക്രമിക്കപ്പെടുന്നവരിൽ ഉൾപ്പെടുന്നു. നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കുന്നതിനാൽ പരിക്കുകൾ പലപ്പോഴും ഗുരുതരമാകാറുണ്ട്.

വളർത്തുമൃഗങ്ങൾക്കും ഭീഷണി

കോഴി, താറാവ്, ആട്, പശു തുടങ്ങിയ വളർത്തുമൃഗങ്ങളെയും തെരുവുനായ്ക്കൾ ആക്രമിക്കുന്നുണ്ട്. കൂടാതെ, വീടുകൾക്ക് മുന്നിൽ വെച്ചിരിക്കുന്ന ചെരിപ്പുകൾ, ചവിട്ടുമെത്തകൾ, വാഹനങ്ങളുടെ സീറ്റുകൾ തുടങ്ങിയവയും നശിപ്പിക്കുന്നത് പതിവാണ്.

മാലിന്യപ്രശ്നം

കശാപ്പുശാലകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളുന്നത് തെരുവുനായ്ക്കൾക്ക് എളുപ്പത്തിൽ ഭക്ഷണം ലഭിക്കാൻ കാരണമാകുന്നു. ഇത് ഒരേ സ്ഥലത്ത് കൂടുതൽ നായകൾ തമ്പടിക്കുന്നതിനും ശല്യം കൂടുന്നതിനും വഴിയൊരുക്കുന്നു. രാത്രികാലങ്ങളിൽ കടകൾക്ക് മുന്നിൽ മാലിന്യം വലിച്ചിടുകയും മലമൂത്രവിസർജനം നടത്തുകയും ചെയ്യുന്നത് വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.

എ.ബി.സി. പദ്ധതി നടപ്പിലാക്കുന്നില്ല

തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായി എല്ലാ പഞ്ചായത്തുകളിലും എ.ബി.സി. (അനിമൽ ബർത്ത് കൺട്രോൾl) പദ്ധതി നിലവിലുണ്ടെങ്കിലും ഒരു പഞ്ചായത്തിലും ഇത് കാര്യക്ഷമമായി നടപ്പിലാക്കുന്നില്ല എന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. ഈ വിഷയത്തിൽ അധികാരികളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.