കൊല്ലം: എസ്.എൻ.ഡി.പി യോഗത്തെ ശക്തിപ്പെടുത്താൻ യുവതലമുറ ഉണർന്ന് പ്രവർത്തിക്കണമെന്ന് കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ പറഞ്ഞു. ചടങ്ങിൽ മൊമന്റോ, ക്യാഷ് അവാർഡ് വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സമുദായത്തിന് പുരോഗതി ഉണ്ടാകണമെങ്കിൽ ഉള്ളവരും ഇല്ലാത്തവരും ഒരേമനസോടെ മുന്നേറണം. സംഘടിച്ച് ശക്തരാകണമെന്നാണ് ഗുരുദേവൻ പറഞ്ഞിട്ടുള്ളത്. എന്നാൽ മറ്റു സമുദായങ്ങളിലുള്ള സഹോദരങ്ങൾ ഗുരുദേവ വചനങ്ങൾ ഉൾക്കൊണ്ട് സംഘടിച്ച് പ്രവർത്തിച്ച് ഉന്നതസ്ഥാനങ്ങൾ നേടുന്നു. എന്നാൽ ഈഴവർ മാത്രം പിന്നോട്ട് പോകുന്നു. ഈ സ്ഥിതി മാറണം. ഗുരുദേവന്റെ വാക്കുകൾ ഹൃദയത്തിൽ ഉൾക്കൊണ്ട് പ്രവർത്തിച്ച കുമാരനാശൻ, ഡോ. പല്പു, ടി.കെ.മാധവൻ, സഹോദരൻ അയ്യപ്പൻ, സി.കേശവൻ, ആർ.ശങ്കർ തുടങ്ങി വെള്ളാപ്പള്ളി നടേശൻ വരെയുള്ള അതികായരുടെ അത്യുജ്ജ്വലമായ സമരപോരാട്ടത്തിന്റെ ഫലമാണ് ഈഴവ സമുദായത്തിനും ഈഴവാരാദി പിന്നാക്ക സമുദായങ്ങൾക്കും സവർണ, അവർണ, വർഗ, വർണ വ്യത്യാസമില്ലാതെ ഒരുമിച്ച് സഹകരിക്കാനുള്ള സ്വാതന്ത്ര്യം നേടിത്തന്നത്.
ഈഴവർ ഇന്നനുഭവിക്കുന്ന അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ ഈഴവ സഹോദരങ്ങൾക്കുമുണ്ട്. സംഘടനയെ തകർക്കാൻ പലഭാഗങ്ങളിലും നിന്ന് പലരും ശ്രമിക്കുന്നു. സംഘടിച്ച് പ്രവർത്തിച്ചില്ലെങ്കിൽ മറ്റ് സമുദായങ്ങൾ ഭൂരിപക്ഷത്തിലേക്ക് എത്തുന്ന കാഴ്ച സമീപഭാവിയിൽ തന്നെ കണേണ്ടിവരും. ഈ അവസ്ഥയിലേക്ക് എത്താതിരിക്കാനും സംഘടനയെ ഉയരങ്ങളിലേക്ക് എത്തിക്കാനും യുവതലമുറ മുന്നോട്ട് വന്ന് ആർജ്ജവത്തോടെ പ്രവർത്തിക്കണം. ഗുരുദേവ ദർശനങ്ങൾ ഹൃദയത്തിൽ ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.