dr-nimisha

ഡോ. എസ്.നിമിഷ

എം.എസ്.സി ഫോറൻസിക് ഡെന്റിസ്ട്രി

എം.എ.സൈക്കോളജി, ബി.ഡി.എസ്



മരിച്ചാലും നശിക്കാത്ത തെളിവിന്റെ ഉറവിടമാണ് പല്ലുകൾ. ഫോറൻസിക് ശാസ്ത്രശാഖയായ ഓഡന്റോളജിയിലെ അത്ഭുതലോകം എന്ന് വേണമെങ്കിൽ പറയാം. ദന്ത ഘടകങ്ങളാണ് ഈ തിരിച്ചറിയലിന് സഹായിക്കുന്നത്. മനുഷ്യശരീരം കത്തിയാലും കുഴിച്ചുമൂടിയാലും അപകടത്തിൽ തകർന്നാലും തിരിച്ചറിയൽ സാദ്ധ്യമാക്കാൻ പല്ലുകൾ സഹായിക്കും. പല്ലുകളുടെ ആകൃതി, ക്രമം, നില, ക്ഷതം, മരുന്ന് ചികിത്സകൾ, ഇൻലേ, ക്രൗൺ ചികിത്സകൾ തുടങ്ങിയ വിവരങ്ങൾ നിർണായകമാണ്.

അതിനാൽ തന്നെ വിമാനാപകടങ്ങൾ, ദുരന്തങ്ങൾ, തീപിടിത്തങ്ങൾ, അജ്ഞാത മൃതദേഹങ്ങൾ തുടങ്ങിയവയിൽ പ്രധാന പങ്കുവഹിക്കാനാകും.

പ്രായനിർണയം, ലിംഗവ്യത്യാസം, കുട്ടികളെ ദുരുപയോഗിക്കൽ, ഗർഭിണികൾക്കും സ്ത്രീകൾക്കും നേരെയുള്ള ആക്രമണങ്ങൾ എന്നിവയും ഈ ശാഖയിൽ പരിഗണിക്കുന്നു. കേസുകളിലെ വസ്തുതകൾ പുറത്ത് കൊണ്ടുവരാൻ ഈ ശാഖ നിർണായക സ്ഥാനം വഹിച്ചിട്ടുണ്ട്. യൂറോപ്യൻ രാജവംശങ്ങൾ മുതൽ ഹിറ്റ്ലറുടെ മരണം വരെ പല്ലുകളെ ആധാരമാക്കിയിട്ടുള്ള പഠനങ്ങൾ ഇതിന് തെളിവാണ്. അതുകൊണ്ടുതന്നെ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയ്ക്കും വളർച്ചയ്ക്കും ഈ ശാഖ വളരെയധികം സഹായകമാണ്. അപകടങ്ങളോ കുറ്റകൃത്യങ്ങളോ നടന്നാൽ അതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ഈ ശാഖ അവസാന നിമിഷം വരെ സഹായകമാകും.

ചില കേസുകളിലൂടെ
1. റോമിൽ ദന്തങ്ങൾ പറഞ്ഞ സത്യം
പുതിയ ഭാര്യയെ തെരഞ്ഞെടുത്ത റോമൻ ചക്രവർത്തി ക്ലോഡിയസ്, തന്റെ മുൻ എതിരാളിയായ ലോലിയ പൗളിനയെ അപരാധിയെന്ന് വച്ച് അഗ്രിപ്പിനയുടെ ഗൂഢാലോചനയിലൂടെ കൊലപ്പെടുത്തിയെന്ന് ചരിത്രം. കൊല്ലപ്പെട്ട ലോലിയയുടെ തല തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു, അഗ്രിപ്പിന അവളുടെ വായ തുറന്ന് പല്ലുകൾ പരിശോധിച്ച് തിരിച്ചറിയുന്നു, ഇതാണ് ലോകത്ത് ആദ്യം രേഖപ്പെടുത്തിയ ഫോറൻസിക് ഓഡന്റോളജി തിരിച്ചറിയൽ.

2. അഡോൾഫ് ഹിറ്റ്ലറുടെ മരണം
1945 ഏപ്രിൽ 30ന് ഹിറ്റ്ലർ ആത്മഹത്യ ചെയ്തശേഷം അദ്ദേഹത്തിന്റെ ശരീരം കണ്ടെത്താനാകാതെ പോയെന്നതാണ് ചരിത്രത്തിലെ വലിയ വിവാദം. എന്നാൽ ഫയറർ ബങ്കറിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ ദന്താവശിഷ്ടം വഴി ഹിറ്റ്ലറുടെ സ്വകാര്യ ഡെന്റലിസ്റ്റ് ഡോ. ഹ്യൂഗോ ബ്ലാഷ്, ദന്തൽ അസിസ്റ്റന്റ് കതെ ഫൗഷ്കാ എന്നിവർ തിരിച്ചറിഞ്ഞു. ഇവർ മുമ്പ് ഹിറ്റ്ലറിന് ചെയ്ത ഡെന്റൽ ഫില്ലിംഗുകൾ, ക്രൗൺ എന്നിവ പരിശോധിച്ച് നൂറ് ശതമാനം ഉറപ്പ് വരുത്തി. 2017ൽ ഫ്രഞ്ച് ഫോറൻസിക് ഗവേഷകർ പരിശോധിച്ചപ്പോഴും മരണം ആത്മഹ്യയിലൂടെയാണെന്ന് ഉറപ്പായി. പല്ലുകളിൽ സയനൈഡിന്റെ സാന്നിദ്ധ്യവും തണുത്ത അവസ്ഥയും ശ്രദ്ധേയമായി. അതുവഴിയാണ് മരണം സംബന്ധിച്ച കാരണം, തീയതി എന്നിവ തെളിയിക്കപ്പെട്ടത്.

3. സെപ്തംബർ 11ലെ തീവ്രവാദ ആക്രമണം
2001ൽ അമേരിക്കയെ വിറപ്പിച്ച ട്വിൻ ടവർ ആക്രമണത്തിൽ മൃതശരീരങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധമായിപ്പോയി. എന്നാൽ ഡെന്റൽ റെക്കോർഡുകൾ, റേഡിയോഗ്രാഫുകൾ, പ്രോസ്റ്റെറ്റിക് ഡാറ്റ എന്നിവ ഉപയോഗിച്ച് 60 ശതമാനം ശരീരങ്ങൾ തിരിച്ചറിയാൻ ഫോറൻസിക് ഡെന്ററിസ്റ്റുകൾക്ക് കഴിഞ്ഞു.

4. തെഡ് ബണ്ടി കേസിലെ ബൈറ്റ് മാർക്ക്
കുറ്റകൃത്യങ്ങളിൽ ബൈറ്റ്‌മാർക്ക് തെളിവുകൾ അപൂർവമല്ല. ഏറ്റവും പ്രസിദ്ധം തെഡ് ബണ്ടി എന്ന പരമ്പരാഗത കൊലയാളിയുടെ കേസാണ്. ശവങ്ങളിലെ ബൈറ്റ്മാർക്കുകൾ, ബണ്ടിയുടെ പല്ലുകളുടെ ആകൃതിയുമായി പൊരുത്തപ്പെടുകയായിരുന്നു. പിന്നീട്, വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടതും, ഇത് കൂടുതൽ സഹായകമായി മാത്രം ഉപയോഗിക്കപ്പെടാൻ ആരംഭിച്ചതും ശ്രദ്ധേയമാണ്.

5. പ്രായനിർണയത്തിൽ പങ്ക്
പല്ലുകളുടെ വളർച്ചയെ അടിസ്ഥാനമാക്കി പ്രായം കൃത്യമായി നിർണയിക്കാം. ഇന്ത്യയിൽ ചില ചൈൽഡ് ലേബർ, ചൈൽഡ് ട്രാഫിക്കിംഗ് കേസുകളിൽ ഈ രീതി ഉപയോഗിക്കുന്നുണ്ട്.

6. തുത്തൻഖാമൻ

ക്രി.മു. 1341-1323 കാലയളവിൽ ഈജിപ്ത് ഭരിച്ച ബാലരാജാവായിരുന്നു തുത്തൻഖാമൻ. 1922ൽ ഹോവാർഡ് കാർവറും സംഘവും അദ്ദേഹത്തിന്റെ ശവകുടീരം കണ്ടെത്തി. 2005ൽ അദ്ദേഹത്തിന്റെ മമ്മി സി.ടി സ്കാൻ ചെയ്തപ്പോൾ, മരിക്കുമ്പോൾ ഏകദേശം 19 വയസുണ്ടായിരുന്നുവെന്ന് കണ്ടെത്തി. അസ്ഥികളുടെ വളർച്ചയും പല്ലുകളുടെ നിലയും പരിശോധിച്ചാണ് പ്രായം കണക്കാക്കിയത്.

അങ്ങനെ പല്ലുകൾ പറയുന്നതെല്ലാം നീതിയുടെ ഭാഷയാണ്. ഫോറൻസിക് ഓഡന്റോളജി സത്യത്തിന്റെ ശബ്ദമായി തുടരുകതന്നെ ചെയ്യും.

തുടരും, നാളെ: വ്യക്തിയെയും തിരിച്ചറിയാം.