dr-nimisha

ഡോ. എസ്.നിമിഷ

എം.എസ്.സി ഫോറൻസിക് ഡെന്റിസ്ട്രി

എം.എ.സൈക്കോളജി, ബി.ഡി.എസ്


ഫോറൻസിക് ശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടത് മരിച്ച വ്യക്തി ആരെന്ന് തിരിച്ചറിയുക എന്നതാണ്. ഇതിന് ബയോമെട്രിക്, വൈദഗ്‌ദ്ധ്യപരമായ പരിശോധനകൾ, ആന്റിമോർട്ടം (മരണത്തിന് മുമ്പുള്ള) വിവരങ്ങൾ ഉപകരിക്കും. വിരലടയാളം, ഡി.എൻ.എ വിശകലനം, ദന്തവിവരങ്ങൾ, നരവംശ ശാസ്ത്രം, റേഡിയോളജി, പാർശ്വ വസ്തുക്കൾ എന്നിവയുടെ അടിസ്ഥാനത്തിൽ വ്യക്തിയെ തിരിച്ചറിയാനാകും.
വിഷ്വൽ തിരിച്ചറിയൽ മരിച്ച വ്യക്തിയെ കുടുംബാംഗങ്ങൾ കാണുന്നതിലൂടെയുള്ള തിരിച്ചറിയൽ രീതിയാണെങ്കിലും ശാസ്ത്രീയ സ്ഥിരീകരണം ഇതിന് കുറവാണ്. അഴുകൽ, പൊള്ളൽ, മൃഗാക്രമണം തുടങ്ങിയ സാഹചര്യങ്ങളിൽ ശരീരഭാഗങ്ങൾ തിരിച്ചറിയാനാവാത്ത വിധം തകർന്നിരിക്കാം. അപ്പോൾ ഈ രീതി വിശ്വസനീയമാകില്ല. അതിനാൽ എം.ഇ/സി (Medical Examiner/Coroner) ദൃശ്യ തിരിച്ചറിയലിനൊപ്പം ശാസ്ത്രീയ രീതികൾ ഉപയോഗിച്ച് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.

ശരീരത്തിലെ ടാറ്റു, പാടുകൾ, ശസ്ത്രക്രിയയിലെ മുറിവുകൾ എന്നിവയെ അടിസ്ഥാനമാക്കി ചിലപ്പോഴെങ്കിലും തിരിച്ചറിയൽ സാദ്ധ്യമാകാം, എന്നാൽ ഇവയും പോസിറ്റീവ് തിരിച്ചറിയലിന് മതിയാകില്ല. നരവംശശാസ്ത്രം (forensic anthropology) എളുപ്പത്തിൽ തിരിച്ചറിയാനാകാത്ത അസ്ഥികൂടങ്ങളുടെയും തകരാറിലായ ശരീരാവശിഷ്ടങ്ങളുടെയും പ്രത്യേകതകൾ വിലയിരുത്തുന്നതിലൂടെ തിരിച്ചറിയലിലേക്ക് സഹായിക്കുന്നു.

അസ്ഥികളുടെ ആകൃതി, വലിപ്പം, ലൈംഗിക സവിശേഷതകൾ, പ്രായം, ഉയരം, ശാരീരിക വ്യത്യാസങ്ങൾ എന്നിവ നരവംശ ശാസ്ത്രവിദഗ്ദ്ധൻ വിശകലനം ചെയ്യും. കൂടാതെ, റേഡിയോളജിയും (forensic radiology) ആന്റിമോർട്ടം മെഡിക്കൽ റേഡിയോഗ്രാഫുകളുമായി പോസ്റ്റ്‌മോർട്ടം സ്കാനുകൾ താരതമ്യം ചെയ്യുന്നതിലൂടെ വ്യക്തിയുടെ പ്രത്യേക ശാരീരിക ഗുണങ്ങൾ കണ്ടെത്താൻ സഹായിക്കും. മുഖത്തുള്ള അസ്ഥികളുടെ ആകൃതിവ്യത്യാസം, ശസ്ത്രക്രിയ ചെയ്ത ഭാഗങ്ങൾ, മെറ്റൽ ഇംപ്ലാന്റുകൾ എന്നിവ തിരിച്ചറിയലിന് നിർണായകമാകും.

ഡി.എൻ.എ വിശകലനം അതിന്റെ വൈജ്ഞാനിക കൃത്യത കൊണ്ടും പരിമിതമായ അവശിഷ്ടങ്ങളിലുള്ള വിശകലന ശേഷിയിലും അത്യന്തം വിശ്വസനീയമായ തിരിച്ചറിയൽ മാർഗമാണ്. എസ്.ടി.ആർ (Short Tandem Repeat) ടൈപ്പിംഗ്, എം.ടി ഡി.എൻ.എ സീക്വൻസിംഗ്, എസ്.എൻ.പി ടെക്നിക്കുകൾ എന്നിവ ഡി.എൻ.എ ഉപയോഗിച്ച് വ്യക്തിയെ തിരിച്ചറിയാനുള്ള പ്രധാന മാർഗങ്ങളാണ്. എസ്.ടി.ആർ ടെക്നിക്ക് ഉപയോഗിച്ച് ന്യൂക്ലിയർ ഡി.എൻ.എയെ അടിസ്ഥാനമാക്കി വ്യക്തിത്വം തെളിയിക്കാം. എന്നാൽ, അത്യധികം നശിച്ച ശരീരങ്ങളിൽ എം.ടി ഡി.എൻ.എ സീക്വൻസിംഗ് ഉപയോഗിച്ച് മാതൃപക്ഷ ബന്ധം തെളിയിക്കാം. ഡി.എൻ.എയുടെ മികച്ച സ്രോതസുകളായി പല്ലുകൾ, അസ്ഥികൾ, മുടി, പാപ്പ് സ്മിയറുകൾ, പഴയ രക്തസാമ്പിളുകൾ എന്നിവ കാണപ്പെടുന്നു. എന്നാൽ ഡി.എൻ.എ പരിശോധനയ്ക്ക് കൂടുതൽ ചെലവും സമയവും ആവശ്യമായതിനാൽ, മറ്റ് മാർഗങ്ങളായ പല്ല് തിരിച്ചറിയൽ, വിരലടയാളം തുടങ്ങിയവ ആദ്യഘട്ടത്തിൽ ഉപയോഗിക്കപ്പെടുന്നു.

ദന്തനിര എല്ലാവരിലും വ്യത്യസ്തം

ദന്ത തിരിച്ചറിയൽ (forensic odontology) മനുഷ്യ തിരിച്ചറിയലിൽ അത്യന്തം പ്രാധാന്യമുള്ള രീതിയായി കണക്കാക്കപ്പെടുന്നു. ശരീരത്തിലെ ഏറ്റവും ശക്തമായ ഘടകമാണ് പല്ല്. വലിയ വെളുപ്പുള്ള ഇനാമൽ പാളി താപം, അഴുക്ക്', ജലത്തിൽ മുങ്ങൽ മുതലായ പ്രക്രിയകളിൽ പോലും തകരാതെ നിലനിൽക്കും. പല്ലുകളുടെ ആകൃതി, runomo, number, dental restorations, orthodontic appliances, periodontitis, fractures, previous dental surgeries, sinus pattern എന്നിവ പോസ്റ്റ്മോർട്ടം പരിശോധനയിലൂടെ കണ്ടെത്തി ആന്റി മോർട്ടം dental charts, radiographs എന്നിവയുമായി താരതമ്യപ്പെടുത്തുന്നു.

പല്ലുകളുടെ dental profile ഒരേപോലെ മറ്റൊരാൾക്കില്ലെന്നതാണ് ഈ രീതിയുടെ ഉറപ്പ്. പലർക്കും ഡെന്റിസ്റ്റ് നൽകിയ ദന്തരേഖകൾ ലഭ്യമായതിനാൽ താരതമ്യങ്ങൾ സാദ്ധ്യമാണ്. ചെലവ് കുറഞ്ഞതും വേഗതയേറിയതുമായ ഈ രീതിയാണ് കൂട്ടമരണങ്ങൾ പോലുള്ള സാഹചര്യങ്ങളിൽ കൂടുതൽ സ്വീകരിക്കപ്പെടുന്നത്.

ഒരു മരണം ശരിയായി രേഖപ്പെടുത്തണമെങ്കിൽ അതിൽ ഉൾപ്പെട്ട വ്യക്തിയെ വ്യവസ്ഥാപിതമായി തിരിച്ചറിയേണ്ടത് അനിവാര്യമാണ്. തെറ്റായ തിരിച്ചറിയൽ കുടുംബാംഗങ്ങളെ മാത്രമല്ല, കുറ്റാന്വേഷണത്തെയും നിയമനടപടികളെയും ബാധിക്കും. അതിനാൽ ശാസ്ത്രീയമായി സ്ഥിരീകരിക്കാവുന്ന തിരിച്ചറിയൽ മാർഗങ്ങൾ വിനിയോഗിക്കുന്നതിന്റെ പ്രാധാന്യം അതിരുകളില്ലാത്തതാണ്.

(തുടരും)

നാളെ: ദന്തവും ദന്തേതര തിരിച്ചറിയലും