കൊട്ടാരക്കര : ഓണക്കാലം അടുത്തതോടെ പല മേഖലകളിലും മോഷണം വർദ്ധിക്കുന്നു. കാർഷിക വിളകൾക്ക് നല്ല വിലയുള്ളതിനാൽ ചേന, മരച്ചീനി, പച്ചക്കറികൾ, തേങ്ങ തുടങ്ങിയവ വ്യാപകമായി മോഷണം പോകുന്നത് കർഷകരെ വലയ്ക്കുന്നു. കഴിഞ്ഞ ദിവസം തൃക്കണ്ണമംഗൽ ചേരൂർ ഏലായിലെ പ്രവാസിയായ പാപ്പി യോഹന്നാന്റെ പറമ്പിൽ നിന്ന് ഏഴ് മൂട് ചേനയാണ് മോഷണം പോയത്. അഞ്ചും ആറും കിലോയോളം തൂക്കം വരുന്ന ചേന, തണ്ടോടുകൂടിയാണ് മോഷ്ടാക്കൾ കടത്തിയത്. ചേനത്തണ്ടിനും ഇപ്പോൾ നല്ല ഡിമാൻഡുണ്ട്. സമീപത്തെ പറമ്പുകളിൽ നിന്ന് ഏത്തക്കുലകളും മരച്ചീനിയും തേങ്ങയും മോഷണം പോയതായി പരാതിയുണ്ട്. ചേരൂർ ഏലായ്ക്കൊപ്പം പെന്മാന്നൂർ ഭാഗത്തും മോഷണം പതിവായി.