ഡോ. എസ്.നിമിഷ
എം.എസ്.സി ഫോറൻസിക് ഡെന്റിസ്ട്രി,
എം.എ സൈക്കോളജി, ബി.ഡി.എസ്
മരണാനന്തര ശരീരം ആരുടേതെന്ന തിരിച്ചറിയൽ സുപ്രധാനമാണ്. ഇതുറപ്പാക്കാൻ ഫോറൻസിക് വിദഗ്‌ദ്ധർ പല മാർഗങ്ങളും സ്വീകരിക്കും. ഇതിൽ പ്രധാനപ്പെട്ടതാണ് ദന്തം അടിസ്ഥാനമാക്കിയുള്ള രീതികളും ദന്തേതരമായ ശാസ്ത്രീയ മാർഗങ്ങളും. ചിലപ്പോൾ പല്ലുകൾ ഉപയോഗിച്ച് തിരിച്ചറിയൽ സാദ്ധ്യമാവുന്നില്ലെങ്കിൽ, മറ്റ് പലഭാഗങ്ങളും നിർണായകമാകും. ഇവ ഏതൊക്കെയാണെന്ന് നോക്കാം.
1. ഫോട്ടോഗ്രാഫിക് ഫേഷ്യൽ സൂപ്പർ ഇമ്പോസിഷൻ
പരിശോധനയ്ക്ക് അസ്ഥികൂടം മാത്രമേ ലഭ്യമാവുന്നുള്ളൂ എന്ന സാഹചര്യത്തിൽ, പൂർണമുഖം കാണിക്കുന്ന ഫോട്ടോയും തലയോട്ടിയുടെ സാമ്യമായ ചിത്രവും തമ്മിൽ താരതമ്യം ചെയ്യുന്നു. മുഖത്തും തലയോട്ടിയിലും കണ്ടുവരുന്ന പ്രധാന പൊരുത്തങ്ങളായ കവിളുകൾ, മൂക്ക്, കണ്ണുകൾ, പല്ലുകൾ എന്നിവ സൂപ്പർഇമ്പോസിഷൻ വഴി പരിശോധിച്ച് വ്യക്തിയെ തിരിച്ചറിയാൻ ശ്രമിക്കുന്നതാണ് ഈ രീതി.
2. മുഖം പുനർനിർമ്മാണം (Facial Reconstruction)
ഇത് ശാസ്ത്രവും കലയും കൂടിച്ചേരുന്ന ഒരു ഘട്ടവും രീതിയുമാണ്. തലയോട്ടിയിലെ ശരാശരി മുടിയുടെ രേഖയെ അടിസ്ഥാനമാക്കി ഒരു ദ്വിമാന (2D) അല്ലെങ്കിൽ ത്രിമാന (3D) മുഖം പുനർനിർമ്മിക്കുന്നു. ഈ ചിത്രങ്ങൾ പൊതുജനങ്ങളിൽ വിതരണം ചെയ്ത് തിരിച്ചറിയൽ സഹായം തേടുന്നു. ഇതിൽ 3D മോഡലുകൾ കൂടുതൽ വിശ്വാസ്യതയും ശ്രദ്ധയും നേടുന്നു.
3. ഫ്രണ്ടൽ സൈനസ് (Frontal sinus) പാറ്റേൺ-റേഡിയോഗ്രാഫിക് താരതമ്യം
തലയോട്ടിയിലെ ഫ്രണ്ടൽ സൈനസ് മാതൃക ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. ഇത് റേഡിയോഗ്രാഫ് (PA ceph) അല്ലെങ്കിൽ സി.ടി സ്കാൻ വഴി മാപ്പ് ചെയ്യാം. മുമ്പെടുത്ത ചിത്രങ്ങളുമായും മരണാനന്തര ചിത്രങ്ങളുമായും താരതമ്യം നടത്തുന്നു. 100 ശതമാനം കൃത്യതയോടെ തിരിച്ചറിയൽ സാദ്ധ്യമാക്കുന്ന ഈ രീതി കൂടുതൽ പ്രാധാന്യം നേടുന്നു.
4. ഡി.എൻ.എ അനാലിസിസ്
ഒരാളുടെ വ്യക്തിത്വം ഉറപ്പാക്കുന്നതിന് ഏറ്റവും ശക്തമായ മാർഗമാണ് ഡി.എൻ.എ. മൃദുവായതും അഴുകിയതുമായ ശരീരഭാഗങ്ങളിൽ നിന്ന് പോലും mtDNA ഉപയോഗിച്ച് തിരിച്ചറിയൽ സാദ്ധ്യമാണ്. പല്ലുകളുടെ pulp ഭാഗം പോലും ഡി.എൻ.എ പരീക്ഷണത്തിനും ഐഡന്റിഫിക്കേഷനും ഉപയോഗിക്കുന്നതിന് ശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്
5. ഗെ പാറ്റേൺ (Palatal Rugae)
പാലറ്റൽ ട്യൂഗെ (Palatal Rugae) എന്നത് മദ്ധ്യപാലറ്റൽ റാഫെയുടെ ഇരുവശത്തും, ഇൻസൈസീവ് പാപ്പില്ലയുടെ പിന്നിലായി, മാക്സിലറി സെൻട്രൽ ഇൻസൈസർ പല്ലുകൾക്ക് പിന്നിലുള്ള പാലറ്റൽ മ്യൂകോസയുടെ മുൻഭാഗത്താണ് കാണപ്പെടുന്നത്.
ഇത് പാലറ്റിലെ മൃദുലമായ ടിഷ്യുവിൽ കാണപ്പെടുന്ന ചെറിയ മടക്കുകളോ വളവുകളോ ആണ്, കൂടാതെ ഇത് ഫൈബ്രസ് കണക്ടീവ് ടിഷ്യു കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. എളുപ്പം മാറ്റപ്പെടാത്ത ഇവയുടെ പാറ്റേണുകൾ വ്യക്തിത്വം തിരിച്ചറിയാൻ സഹായിക്കുന്നു. കമ്പ്യൂട്ടർ സോഫ്ട്‌വെയറുകൾ ഉപയോഗിച്ച് താരതമ്യം നടത്താവുന്നതാണ്.
6. ചൈലോസ്കോപി (Cheiloscopy)
ലിപ്പ് പ്രിന്റ് പരിശോധിച്ചാണ് ഈ രീതി പ്രവർത്തിക്കുന്നത്. ഓരോ വ്യക്തിയുടെയും ലിപ്പ് പ്രിന്റ് വ്യത്യസ്തമാണ്. കുറ്റകൃത്യ സ്ഥലങ്ങളിൽ ലഭിക്കുന്ന ലിപ്പ് പ്രിന്റുകൾ വഴി സംശയമുള്ളവരെ തിരിച്ചറിയാനും, ലിപ്പ് ടിഷ്യൂ വഴി ഡി.എൻ.എ പരിശോധിക്കാനും കഴിയും. ഫോറൻസിക് തിരിച്ചറിയലിന്റെ ലോകം കൂടുതൽ വിപുലവും സാങ്കേതികവുമാണ്. പല്ലുകൾ (ദന്തം) മാത്രം ആശ്രയിക്കാതെ, മുഖം, പേശികൾ, ചർമ്മം, ജനറ്റിക് പാറ്റേണുകൾ, പല്ലിലെ pulp പോലും തെളിവായി ഉപയോഗിക്കുന്നു. മനുഷ്യരെ തിരിച്ചറിയുന്നതിനുള്ള ഈ ശാസ്ത്രീയ സമീപനം, നാം മനുഷ്യരെന്ന ബോധത്തിൽ ഉറച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്നു.
(അവസാനിച്ചു)