photo
വെളളക്കെട്ട് രൂപവനപാതപ്പെട്ട അലിമുക്ക്-ആനക്കുളം വനപാത.

പത്തനാപുരം: പിറവന്തൂർ പഞ്ചായത്തിലെ അലിമുക്ക്, ആനക്കുളം, പടയണിപ്പാറ വനപാതയുടെ ശോച്യാവസ്ഥയും വന്യമൃഗങ്ങളുടെ ശല്യവും കാരണം പ്രദേശവാസികൾ ദുരിതത്തിൽ. റോഡിന്റെ ഇരുവശങ്ങളിലും വളർന്നുനിൽക്കുന്ന കൂറ്റൻ കാടുകൾ വെട്ടിമാറ്റണമെന്നും റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. പത്തനാപുരത്ത് നിന്ന് ആരംഭിക്കുന്ന പുന്നല, കറവൂർ, അലിമുക്ക് റോഡിന്റെ പുനർനിർമ്മാണം നടക്കുന്നതിനാൽ പുന്നല, പടയണിപ്പാറ, വാലുതുണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ വനമദ്ധ്യത്തിലെ തകർന്ന ആനക്കുളം റോഡിലൂടെയാണ് കടന്നുപോകുന്നത്. ഈ റോഡിൽ വലിയ കുഴികളും വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച മുൻപ് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് റോഡ് വൃത്തിയാക്കിയെങ്കിലും കുഴികൾ നികത്താത്തതിനാൽ യാത്രാദുരിതം തുടരുകയാണ്.

വന്യമൃഗങ്ങളുടെ ആക്രമണം

വനമദ്ധ്യത്തിലൂടെയുള്ള ഈ റോഡിലൂടെയാണ് ഇപ്പോൾ ആളുകൾ യാത്ര ചെയ്യുന്നത്. കഴിഞ്ഞയാഴ്ച രാവിലെ 5.30ന് സ്ത്രീ തൊഴിലാളികളുമായി ഓട്ടോറിക്ഷയിൽ വെട്ടിതിട്ടയിലേക്ക് പോവുകയായിരുന്ന ഡ്രൈവർ അനിക്ക് റോഡിന് കുറുകെ ചാടിയ മ്ലാവിനെ ഇടിച്ചു പരിക്കേറ്റതാണ് അവസാനത്തെ സംഭവം. കഴിഞ്ഞ വർഷം ഇതേ റോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ മൂന്ന് കാട്ടുപന്നികൾ ആക്രമിച്ചിരുന്നു. ഇതേ തുടർന്ന് ഡ്രൈവർക്ക് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. കാട്ടാന, കാട്ടുപന്നി, മ്ലാവ്, പുലി തുടങ്ങിയ വന്യമൃഗങ്ങൾ റോഡിലേക്ക് ഇറങ്ങിവരുന്നത് പതിവായതോടെ യാത്രക്കാർ കടുത്ത ആശങ്കയിലാണ്.

നടപടിയെടുക്കാതെ അധികൃത‌ർ

കറവൂർ, പൊരുന്തോയിൽ, മൈക്കാമൺ തുടങ്ങിയ സ്ഥലങ്ങളിൽ വന്യമൃഗശല്യം രൂക്ഷമായതിനെത്തുടർന്ന് ജനപ്രതിനിധികളും വനപാലകരും ചേർന്ന് നാട്ടുകാരെ പങ്കെടുപ്പിച്ച് യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ ആനക്കുളം റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികാരികളുടെ ഭാഗത്തുനിന്ന് ഫലപ്രദമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. റോഡിന്റെ ഇരുവശങ്ങളിലുമുള്ള തേക്ക് പ്ലാന്റേഷനുകളിലെ കാടുകൾ വെട്ടിമാറ്റിയാൽ വന്യമൃഗശല്യം ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.