കൊല്ലം: കൊല്ലം- പരവൂർ തീരദേശ റോഡിൽ മുണ്ടയ്ക്കൽ പാപനാശനം മുതൽ ഇരവിപുരം വരെ പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് നാളേറെ ആയെങ്കിലും അറ്റകുറ്റപ്പണി നീളുന്നു.
കൊല്ലത്തു നിന്ന് പരവൂർ, വർക്കല എന്നിവിടങ്ങളിലേക്ക് ഗതാഗത കുരുക്കിൽപ്പെടാതെ എത്താൻ കഴിയുന്ന റോഡാണിത്. തകർന്ന റോഡിൽ നിന്ന് കല്ലുകളും മെറ്റിൽ കഷ്ണങ്ങളും ഇളകി ചിതറിക്കിടക്കുന്നു. കാൽനട യാത്ര പോലും ഈ ഭാഗത്ത് ദുസഹം. ഇരവിപുരം, താന്നി, മുക്കം, മയ്യനാട് എന്നിവിടങ്ങളിലേക്ക് ഇതുവഴി അഞ്ച് സ്വകാര്യ ബസുകളാണ് സർവ്വീസ് നടത്തുന്നത്. ബസുകൾ വരുമ്പോൾ മറ്റൊരു വാഹനത്തിന് വശം കൊടുക്കാൻ കഴിയാത്ത സാഹചര്യമാണ്. ടാറില്ലാത്തതിനാൽ റോഡിൽ പൊടിശല്യവും രൂക്ഷമാണ്.
മഴ പെയാൽ റോഡ‌് ചെളിക്കുണ്ടാകും.
ഇളകിമാറി കിടക്കുന്ന കല്ലുകളിൽ കയറി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. തീരദേശറോഡ് വഴി അരമണിക്കൂർ നേരത്തെ പരവൂരിൽ എത്താൻ കഴിയുമായിരുന്നു. എന്നാൽ റോഡിന്റെ ശോചനീയാവസ്ഥ കാരണം കൊല്ലത്തു നിന്ന് പരവൂരിലേക്ക് ചാത്തന്നൂർ തിരുമുക്കിലെത്തിയാണ് പോകുന്നത്.
നടപ്പാത ഉണ്ടാവും
സംരക്ഷണ ഭിത്തി നിർമ്മിച്ച് റോഡ് വീതി കൂട്ടുന്ന പ്രവർത്തനങ്ങൾ ഭാഗികമായി നടക്കുന്നുണ്ട്. നടപ്പാത ഉൾപ്പെടെയാവും റോഡ് നിർമ്മാണം. തീരത്തിന്റെ ബലപ്പെടുത്തൽ പൂർത്തിയാകുന്നതോടെ ടാറിംഗ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.
സംരക്ഷണ ഭിത്തി കെട്ടി ബലപ്പെടുത്തൽ ജോലികൾ പുരോഗമിക്കുകയാണ്. അതിന് ശേഷം ടാറിംഗ് നടത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്
കുരുവിള ജോസഫ്, കൗൺസിലർ, മുണ്ടയ്ക്കൽ