കൊല്ലം: രാജ്യത്ത് ജനാധിപത്യം നിലനിറുത്താൻ മതനിരപേക്ഷ കക്ഷികൾ രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകാൻ തയ്യാറാകണമെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ. ജില്ലാ ലീഗ് ഹൗസ് സി.എച്ച് സ്മാരക ഹാളിൽ മുസ്ളിം ലീഗ് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യം അട്ടിമറിക്കപ്പെടുന്നുവെന്ന സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിൽ രാഹുൽ ഗാന്ധിയെ വേട്ടയാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെതിരെ ജനാധിപത്യ ശക്തികൾ ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ളിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സുൽഫീക്കർ സലാം സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ, ജില്ലാ നിരീക്ഷകൻ ടി.വി ഇബ്രാഹിം എം.എൽ.എ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ എം.എ.സലാം, ജില്ലാ ഭാരവാഹികളായ വട്ടപ്പാറ നാസിമുദ്ദീൻ, വാഴയത്ത് ഇസ്മായിൽ, എം.എ.കബീർ, പുന്നല എസ്.ഇബ്രാഹീംകുട്ടി, മുള്ളുകാട്ടിൽ സാദിഖ്, ചന്ദനത്തോപ്പ് ഷെരീഫ്, ചാത്തിനാംകുളം സലീം, ശിഹാബ് ആലൂക്ക എന്നിവർ സംസാരിച്ചു. മുസ്ളിം ലീഗ് ദേശീയ, സംസ്ഥാന, ജില്ലാ കൗൺസിൽ അംഗങ്ങൾ, നിയോജക മണ്ഡലം ഭാരവാഹികൾ, പോഷക സംഘടനകളുടെ ജില്ലാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.