photo
അയൽക്കൂട്ട അംഗങ്ങളിൽ നിന്ന് സമാഹരിച്ച സ്നേഹനിധി ഫണ്ട് നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫിന് സി.ഡി.എസ് ചെയർപേഴ്സൺ ഷീബ കൈമാറുന്നു

കരുനാഗപ്പള്ളി : നഗരസഭയിലെ അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ട നാല് ഗുണഭോക്താക്കൾക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിയിൽ കുടുംബശ്രീയും പങ്കാളികളായി. നഗരസഭയുടെ ഈ ഉദ്യമത്തിന് പിന്തുണയറിയിച്ചുകൊണ്ട് കുടുംബശ്രീ, ആറാം ഡിവിഷനിലെ അംഗമായ സനിതക്ക് വീടുവെക്കുന്നതിനുള്ള സ്നേഹനിധി ഫണ്ട് കൈമാറി. പദ്ധതി പ്രകാരം ഒരു വീടിന് 4 ലക്ഷം രൂപ നഗരസഭ വിഹിതവും ബാക്കി തുക സ്പോൺസർഷിപ്പിലൂടെയും കണ്ടെത്തുന്നതിനാണ് തീരുമാനിച്ചിരുന്നത്. ഈ പദ്ധതിക്ക് കൈത്താങ്ങായി ഓരോ അയൽക്കൂട്ട അംഗങ്ങളിൽ നിന്നും സമാഹരിച്ച സ്നേഹനിധി ഫണ്ട് സി.ഡി.എസ് ചെയർപേഴ്സൺ ഷീബ, നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫിന് കൈമാറി. ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ഷെഹ്‌ന നസീം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇന്ദുലേഖ, ഡോ.പി. മീന, റെജി ഫോട്ടോപാർക്, മെമ്പർ സെക്രട്ടറി സുചിത്ര, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.