കൊല്ലം: പെരുമൺ- മൺറോത്തുരുത്ത് ജങ്കാർ സർവീസ് നിലച്ച് ഒരു മാസമായി​ട്ടും അധി​കൃതർ അനങ്ങുന്നി​ല്ല. പെരുവഴി​യി​ലായ പെരുമൺ​ സ്വദേശി​കളോടുള്ള അവഗണനയി​ൽ പ്രതി​ഷേധം വ്യാപകമാവുകയാണ്.

കഴി‌ഞ്ഞമാസം രണ്ടാംവാരം ജങ്കാറിന്റെ എൻജിൻ തകരാറിലായതോടെയാണ് സർവീസ് നിലച്ചത്. ജൂലായ് ആദ്യം പേഴുംതുരുത്ത് ബോട്ട് ജെട്ടിക്ക് സമീപത്തെ തെങ്ങിൻകുറ്റിയിൽ തട്ടി ഫൈബർ ബോഡി തകർന്ന് ദിവസങ്ങളോളം സർവീസ് മുടങ്ങി. അറ്റകുറ്റപ്പണി നടത്തി സർവീസ് പുനരാരംഭിച്ചതിന് പിന്നാലെയാണ് എൻജിൻ തകരാറിലായത്. എൻജിന്റെ അറ്റകുറ്റപ്പണി ജങ്കാർ ഉടമ അനന്തമായി നീട്ടുകയാണെന്ന് യാത്രക്കാർ ആരോപി​ക്കുന്നു.

പെരുമണിൽ നിന്ന് മൺറോത്തുരുത്തിലെ പേഴുംതുരുത്തിലേക്കാണ് വർഷങ്ങളായി ജങ്കാർ സർവീസ് നടത്തിയിരുന്നത്. പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം ആരംഭിച്ചതോടെ സർവീസ് പട്ടംതുരുത്തിലേക്ക് മാറ്റി. അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയായതോടെ സർവീസ് ജൂലായ് പകുതിയോടെ പേഴുംതുരുത്തിലേക്ക് മാറ്റിയിരുന്നു. പട്ടംതുരുത്തിലേക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതിനാൽ ജങ്കാറിന്റെ ഇന്ധന ചെലവ് കൂടുതലായിരുന്നു. പേഴുംതുരുത്തിലേക്ക് മാറിയതോടെ ഈ ചെലവ് കുറഞ്ഞിട്ടും ജങ്കാർ ഉടമ സർവീസ് ആരംഭിക്കാത്തതിലാണ് പ്രതിഷേധം. നേരത്തെ മൺറോത്തുരുത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നിരുന്ന ജങ്കാർ സർവീസ് നിലച്ചതോടെയാണ് പനയം പഞ്ചായത്ത് സർവീസ് ഏറ്റെടുത്തത്.

പണമടയ്ക്കാതെ ജങ്കാർ ഉടമ

ജങ്കാർ ഉടമസ്ഥർ പ്രതിദിനം നൂറ് രൂപ പഞ്ചായത്തിന് ലൈസൻസ് ഫീസ് നൽകണമെന്ന വ്യവസ്ഥയിലായിരുന്നു അനുമതി. എന്നാൽ ഒരു രൂപ പോലും ജങ്കാർ ഉടമ ഇതുവരെ അടച്ചിട്ടില്ല. പഞ്ചായത്തിന് വരുമാനം ലഭിക്കാത്തതിനാൽ ബോട്ട് ജെട്ടി നിർമ്മാണം അടക്കം ജങ്കാർ സർവീസിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ചെലവിട്ട പണം ഓഡിറ്റിൽ തടസപ്പെടുത്തിയിരുന്നു. എന്നിട്ടും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പനയം പഞ്ചായത്ത് സർവീസിന് പിന്തുണ നൽകുകയാണ്.

...............................

 കൊല്ലത്തേക്ക് എത്താനുള്ള എളുപ്പമാർഗ്ഗം
 ജങ്കാർ ഇല്ലെങ്കിൽ 5 കിലോമീറ്റർ ചുറ്റിത്തിരിയണം
 ശാസ്താംകോട്ടയിലേക്കുള്ള എളുപ്പവഴി

 ആശ്രയിക്കുന്നത് നൂറുകണക്കിന് പേർ

എൻജിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി വൈകാതെ സർവീസ് പുനരാരംഭിക്കും

ജങ്കാർ ഉടമ