കൊല്ലം: സംസ്ഥാന വടംവലി അസോസിയേഷന്റെ നേതൃത്വത്തിൽ കൊല്ലം യു.കെ.എഫ് എൻജിനിയറിംഗ് ഓട്ടോണമസ് കോളേജിൽ സംഘടിപ്പിച്ച സംസ്ഥാന സീനിയർ വടംവലി മത്സരത്തിൽ പാലക്കാട് ജില്ലയ്ക്ക് ആധിപത്യം. പുരുഷ, വനിത, മിക്സഡ് കാറ്റഗറിയിൽ 14 ജില്ലാ ടീമുകൾ മാറ്റുരച്ച മത്സരത്തിൽ 600-640 കിലോഗ്രാം പുരുഷ വിഭാഗത്തിലും 500 കിലോഗ്രാം വനിതാ വിഭാഗത്തിലും 580 കിലോഗ്രാം മിക്സഡ് വിഭാഗത്തിലും പാലക്കാട് ജില്ല മികച്ച നേട്ടം കരസ്ഥമാക്കി.
സീനിയർ വിഭാഗം പുരുഷ ടീമുകളുടെ 640 കിലോഗ്രാം വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ പാലക്കാട്, തൃശൂർ ടീമുകളും മൂന്നാം സ്ഥാനം കൊല്ലം ജില്ലാ ടീമിനെ പ്രതിനിധീകരിച്ച് ആതിഥേയരായ യു.കെ.എഫ് കോളേജ് വിദ്യാർത്ഥികളും കരസ്ഥമാക്കി. 600 കിലോഗ്രാം വിഭാഗത്തിൽ പാലക്കാട്, കണ്ണൂർ ജില്ലകൾ ഒന്നും രണ്ടും കാസർകോഡ് മൂന്നും സ്ഥാനങ്ങൾ നേടി. 500 കിലോഗ്രാം വനിതാ വിഭാഗത്തിൽ പാലക്കാട്, കാസർകോട്, തൃശൂർ ടീമുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 580 കിലോഗ്രാം മിക്സഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനം തൃശൂരും രണ്ട്, മൂന്ന് സ്ഥാനങ്ങൾ കാസർകോട്, പാലക്കാട് ടീമുകൾ സ്വന്തമാക്കി.
മത്സരത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. യു.കെ.എഫ് കോളേജ് എക്സി. ഡയറക്ടറും സംഘാടകസമിതി ചെയർമാനുമായ പ്രൊഫ. ജിബി വർഗീസ് അദ്ധ്യക്ഷനായി. സംസ്ഥാന വടംവലി അസോസിയേഷൻ സെക്രട്ടറി ഷാൻ മുഹമ്മദ്, പരവൂർ നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ, വൈസ് ചെയർമാൻ എ.സഫർ കയാൽ തുടങ്ങിയവർ സംസാരിച്ചു.