ഓടനാവട്ടം: ഓടനാവട്ടം ആസ്ഥാനമായുള്ള വെളിയം ഉപജില്ലാ വിദ്യാഭ്യാസ കാര്യാലയത്തിന്റെ കെട്ടിടം ജീർണാവസ്ഥയിൽ.100 വർഷം പഴക്കമുള്ള ഓടനാവട്ടം ഗവ.എൽ.പി സ്കൂളിനോട് ചേർന്നാണ് ഈ ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. 25 വർഷം മുൻപ് സ്കൂളിന്റെ ഭാഗമായി നിർമ്മിച്ച കെട്ടിടമാണിത്. അന്ന് വെളിയത്തെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് പ്രാദേശിക നേതാക്കളും കെട്ടിട ഉടമയും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് ഇവിടേക്ക് മാറ്റിയത്. കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് കെട്ടിടത്തിെ തകർച്ചയ്ക്ക് കാരണം. കാട്ടുചെടികൾ പടർന്ന് പിടിച്ചും ഭിത്തികളിലെ പ്ലാസ്റ്ററുകൾ ഇളകി വീണും കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചിട്ട് വർഷങ്ങളായി. ഗോവണിയുടെ പടികൾ ഇളകി തകർന്ന നിലയിലാണ്. കൂടാതെ, മഴ പെയ്യുമ്പോൾ സ്കൂൾ മുറ്റം ചെളിക്കുളമായി മാറുന്നതും ഒരു വലിയ മരം അപകടകരമായ നിലയിൽ നിൽക്കുന്നതും മറ്റൊരു പ്രശ്നമാണ്.
നടപടി വേണം
ഈ കാര്യാലയത്തിൽ 13 ജീവനക്കാരാണ് നിലവിലുള്ളത്. മൂന്ന് മുറികൾ മാത്രമാണ് അവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി നിലവിലുള്ളത്. ഈ മുറികൾ സൗകര്യപ്രദമാണെങ്കിലും കെട്ടിടം സുരക്ഷിതമല്ല. കെട്ടിടത്തിന്റെ ജീർണാവസ്ഥ അടിയന്തരമായി പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഓയൂർ - കൊട്ടാരക്കര റോഡിനോട് ചേർന്നുള്ള ഈ കാര്യാലയത്തിന്റെ ദുരവസ്ഥ മാറ്റാൻ
ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണം.
എം. പി.കൃഷ്ണകുമാർ
സെക്രട്ടറി, പൂർവ വിദ്യാർത്ഥി സംഘടന, ഗവ. എൽ.പി.എസ്.