ഓയൂർ: കെ.ഐ.പി. (കല്ലട ഇറിഗേഷൻ പ്രോജക്ട്) ഇടതുകര കനാലിന്റെ ശാഖയായ ഓയൂർ ഡിസ്ട്രിബ്യൂട്ടറി കനാൽ കാടുകയറി വനപ്രദേശമായി മാറിയതിനാൽ പ്രദേശവാസികൾ ദുരിതത്തിൽ. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കനാൽ ഡിപ്പാർട്ട്‌മെന്റിനും വെളിനല്ലൂർ ഗ്രാമപഞ്ചായത്തിനും കഴിഞ്ഞ രണ്ട് വർഷമായി നിവേദനം നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
വന്യജീവികളുടെ ശല്യം
കനാൽ പൂർണമായും കാടുകയറിയതോടെ മലമ്പാമ്പ്, മൂർഖൻ, അണലി എന്നിവയെ കൂടാതെ കീരി, പന്നി, മരപ്പട്ടി, കുറുക്കൻ തുടങ്ങിയ വന്യജീവികളുടെ ശല്യവും വർദ്ധിച്ചിരിക്കുകയാണ്. ഇതിനാൽ പകൽ സമയങ്ങളിൽ പോലും സ്കൂൾ വിദ്യാർഥികൾക്കും തൊഴിലാളികൾക്കും കാൽനടയാത്രക്കാർക്കും സ്വൈര്യമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
തൊഴിലുറപ്പ് പദ്ധതിയുടെ സഹായം ലഭിക്കുന്നില്ല
മുൻകാലങ്ങളിൽ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പ്രദേശങ്ങൾ വൃത്തിയാക്കിയിരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ ഉത്തരവ് കാരണം തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് ഇത്തരം ജോലികൾ ചെയ്യിക്കാൻ പഞ്ചായത്തിന് കഴിയില്ലെന്നാണ് വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പറയുന്നത്. അതേസമയം, തൊട്ടടുത്ത പഞ്ചായത്തുകളിൽ ഈ രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് മഹാത്മാഗാന്ധി റെസിഡൻസ് അസോസിയേഷൻ ആരോപിച്ചു.
ഓയൂർ ടൗണിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന കനാലും പരിസരവും വൃത്തിയാക്കി ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണം.
മഹാത്മാഗാന്ധി
റസിഡൻസ് അസോ.